പട്‌ന : ബിഹാറിലെ മുസാഫര്‍പൂരില്‍ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും തീക്കൊളുത്തി സൈനികന്‍. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. പൊള്ളലേറ്റ മൂത്ത മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍.
മുസാഫര്‍പൂര്‍ സ്വദേശിയായ ഹിമാന്‍ഷു കുമാറാണ് ഭാര്യയെയും കുഞ്ഞുങ്ങളെയും തീ കൊളുത്തിയത്. ഭാര്യ സോനലും ഇവരുടെ ഇളയ കുഞ്ഞുമാണ് മരിച്ചത്. മൂത്ത മകളായ എട്ട് വയസുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച (ജൂലൈ 6) ബാര ജഗര്‍നാഥ് ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പ്രതി ഹിമാന്‍ഷു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ആരോപണവുമായി യുവതിയുടെ കുടുംബം : ഹിമാന്‍ഷു കുമാറും അമ്മയും മറ്റൊരു സ്‌ത്രീയും കൂടി സോനലിന്‍റെയും മക്കളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. പ്രതിയായ ഹിമാന്‍ഷു കുമാറിന് മറ്റൊരു സ്‌ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും സോനലില്‍ നിന്ന് നിരന്തരം വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു.
കേസെടുത്ത് പൊലീസ് : വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഹിയാപൂർ പൊലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്‌റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും. പൊള്ളലേറ്റ എട്ട് വയസുകാരിയുടെ നില ഗുരുതരമാണെന്ന് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിജയ് പ്രസാദ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കെതിരെ കേസടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്: ഏതാനും ദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ചില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവാവെത്തി പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
അയല്‍വാസിയായ നീരജ് എന്ന യുവാവാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്: അയല്‍വാസിയായ നീരജ് തന്‍റെ മകളെ നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്നും ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ തീ കൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ദേഹത്ത് പടര്‍ന്ന് പിടിച്ച തീ അണയ്‌ക്കാനായെങ്കിലും പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കാസ്‌ഗഞ്ചിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ പെണ്‍കുട്ടിയെ മികച്ച ചികിത്സ നല്‍കുന്നതിനായി അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.