കോയമ്പത്തൂർ : ആനകൾ റെയിൽവേ പാളം മുറിച്ചുകടക്കുമ്പോഴോ റെയിൽവേ പാളത്തിലൂടെ നടക്കുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങൾ തടയാനായി റെയിൽവേ ട്രാക്കിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നു. ലോക്കോ പൈലറ്റുമാരുടെ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനായാണ് സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നത്.
കേരളത്തിലെ വാളയാറിനും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ എട്ടിമടയ്ക്കും ഇടയിലുള്ള 25 സ്ഥലങ്ങളിലാണ് ദക്ഷിണ റെയിൽവേ വിളക്കുകൾ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇരുപതോളം ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. കൂടുതലും രാത്രിയിലാണ് അപകടങ്ങൾ നടക്കുന്നത്. ഇത് ഒഴിവാക്കാനാണ് വിളക്കുകൾ സ്ഥാപിക്കുന്നത്.
Also Read: കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു
കഴിഞ്ഞ വർഷം നവംബറിൽ കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞിരുന്നു. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമാണ് ചെരിഞ്ഞത്. റെയില്‍വേ ട്രാക്കിലൂടെ കാട്ടാനകള്‍ നടക്കുന്നതിനിടെ മംഗളൂരു- ചെന്നൈ എക്‌സ്‌പ്രസ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. കാട്ടാനകള്‍ തല്‍ക്ഷണം മരിച്ചു.