തിരുപ്പതി (ആന്ധ്രാപ്രദേശ്): സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറായ യുവാവിനെ കാര്‍ അടക്കം തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശ് ചിറ്റൂരിലാണ് സംഭവം. ചിറ്റൂര്‍ വെഡുരു കുപ്പം ബ്രാഹ്മണപള്ളി സ്വദേശി നാഗരാജു ആണ് കൊല്ലപ്പെട്ടത്. വിവാഹിതയായ സ്‌ത്രീയുമായി സഹോദരനുണ്ടായിരുന്ന ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് നാഗരാജു കൊല്ലപ്പെട്ടത്.
നാഗരാജുവിന്‍റെ ഇള സഹോദരന്‍ പുരുഷോത്തമന് വിവാഹിതയായ ഒരു സ്‌ത്രീയുമായി ബന്ധം ഉണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവ് റിപഞ്ജയ, സുഹൃത്തുക്കളായ ചാണക്യ പ്രതാപ്, ഗോപിനാഥ് റെഡി എന്നിവര്‍ ചേര്‍ന്നാണ് നാഗരാജുവിനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. പുരുഷോത്തമനുമായുണ്ടായിരുന്ന ബന്ധം യുവതിയുടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഭര്‍ത്താവ് റിപഞ്ജയയും യുവതിയും തമ്മില്‍ പുരുഷോത്തമന്‍റെ പേരില്‍ വഴക്ക് പതിവായിരുന്നു. ഈ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനാണ് നാഗരാജു ഗോപിനാഥ് റെഡി മുഖേന ശ്രമിച്ചത്.
പുരുഷോത്തമന്‍ ശനിയാഴ്‌ച ബെംഗളൂരുവില്‍ ജോലിക്ക് കയറി. ഇതിന് പിന്നാലെ ശനിയാഴ്‌ച രാത്രി നാഗരാജുവിനെ റെഡി ചര്‍ച്ചയ്‌ക്ക് വിളിച്ചു. റിപഞ്ജയ, ചാണക്യ പ്രതാപ്, ഗോപിനാഥ് റെഡി എന്നിവരുടെ അടുത്തേക്ക് നാഗരാജു ചര്‍ച്ചയ്‌ക്കായി പോകുകയായിരുന്നു. ചര്‍ച്ചയ്‌ക്കിടെ സ്ഥിതിഗതികള്‍ വഷളാകുകയും തര്‍ക്കം മൂത്തതോടെ നാഗരാജുവിനെ കാറടക്കം തീ കൊളുത്തി കൊല്ലുകയും ആയിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കൊലക്ക് ശേഷം ഒളിവില്‍ പോയി പ്രതികള്‍: പൂര്‍ണമായി കത്തി നശിച്ച നിലയിലാണ് നാഗരാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് തന്നെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി. കാറിന്‍റെ നമ്പറും നാഗരാജു ധരിച്ചിരുന്ന ചെയിനും ചെരിപ്പും തിരിച്ചറിഞ്ഞാണ് മൃതദേഹം ഇയാളുടേതെന്ന നിഗമനത്തില്‍ എത്തിയത്. കൊലയ്‌ക്ക് ശേഷം ഒളിവില്‍ പോയ മൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201(തെളിവ് നശിപ്പിക്കല്‍) സെക്ഷൻ 34 (പൊതു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ചേര്‍ന്ന് കുറ്റം ചെയ്യുക) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
കൊലപാതകത്തിന് പ്രതികൾ നാഗരാജുവിന്‍റെ കാറിൽ നിന്ന് തന്നെയാണോ ഇന്ധനം എടുത്തത് എന്നും അതോ ഇവര്‍ ഇന്ധനം കൈയില്‍ കരുതിയോ എന്നും അന്വേഷിച്ച് വരികയാണ്. കൊലപാതകം നേരത്തെ ആസൂത്രണം ചെയ്‌തിട്ടുണ്ടാകാം എന്ന സാധ്യത പൊലീസ് തള്ളി കളയുന്നില്ല. റോഡരികില്‍ കാര്‍ കത്തുന്നത് കണ്ട വഴിയാത്രക്കാര്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറായി ജോലി ചെയ്യുകയായിരുന്നു നാഗരാജു. കൊവിഡിന് ശേഷം വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്‌ത് വരികയായിരുന്ന ഇയാള്‍ ഭാര്യ സുലോചനയ്‌ക്കും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്‍റെ അനിയന് ഒരു സ്‌ത്രീയുമായി ബന്ധമുണ്ടെന്നും ഇതറിഞ്ഞ സ്‌ത്രീയുടെ ബന്ധുക്കള്‍ അവനെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയതായും ഭയന്ന നാഗരാജു അനിയനെ ബെംഗളൂരിവിലേക്ക് അയച്ചതായും ഭാര്യ സുലോചന പറഞ്ഞു.
'പ്രശ്‌നം പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞാണ് അവര്‍ എന്‍റെ ഭര്‍ത്താവിനെ വിളിച്ചു കൊണ്ടു പോയത്. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ കാറിന് തീ പിടിച്ചു എന്ന് അറിയിച്ച് കൊണ്ട് ഒരു ഫോണ്‍ കോള്‍ വന്നു. അവര്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അവരെ ശിക്ഷിക്കണം', നാഗരാജുവിന്‍റെ ഭാര്യ സുലോചന പറഞ്ഞു.