ചണ്ഡീഗഡ്: കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറ് രോഗികള്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് കൊവിഡ് രോഗികള്‍ ഉള്‍പ്പെടുന്നു. അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയിലാണ് ശനിയാഴ്‌ച ഓക്‌സിജന്‍ വിതരണം തടസപ്പെട്ടത് മൂലം രോഗികള്‍ പ്രാണവായു കിട്ടാതെ മരിച്ചത്. നീല്‍കാന്ത് ആശുപത്രിയിലാണ് സംഭവം നടന്നത്. വെന്‍റിലേറ്ററുകളിലേക്ക് ഓക്‌സിജന്‍ എത്തിയിരുന്നില്ലെന്ന് മരിച്ചവരുടെ കുടുംബാഗങ്ങള്‍ ആരോപിച്ചു.
സര്‍ക്കാറില്‍ നിന്നുള്ള ഓക്‌സിജന്‍ വിതരണം കുറവാണെന്ന് വെള്ളിയാഴ്‌ച രാത്രി തങ്ങളെ അറിയിച്ചിരുന്നതായി മരിച്ച ഇരുപത്തെട്ടുകാരന്‍ ഗുരുദേവ് സിങ്ങിന്‍റെ കുടുംബം പറയുന്നു. ശ്വാസം തടസം മൂലമാണ് ഗുരുദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ സ്ഥിതി വഷളായ ഗുരുദേവ് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നുവെന്നും കുടുംബാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറക്കേണ്ടതിനെക്കുറിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിരുന്നതായി ആശുപത്രിയിലെ ഒരു ഡോക്‌ടര്‍ പറഞ്ഞു. കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതിനിടെ പഞ്ചാബും കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്.
അതേസമയം ഡല്‍ഹിയിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ജയ്‌പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ 20 പേർ കൂടി മരിച്ചു. 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കൂടുതല്‍ വായനയ്‌ക്ക് ; ഡല്‍ഹിയിലെ ഓക്സിജൻ ക്ഷാമം തുടരുന്നു; ഇന്ന് മരിച്ചത് 20 പേര്‍