ജയ്‌പൂർ: രാജസ്ഥാനിലെ ദുംഗാർപൂരിലുള്ള ആറു പെണ്‍കുട്ടികൾ പൊലീസ് മിത്ര എന്ന കൂട്ടായ്മയിലൂടെ കൊവിഡ് ദുരിത ബാധിതരെ സഹായിക്കാൻ രംഗത്ത്. രാജ്യത്തെ ആരോഗ്യ പ്രവർത്തകരെപ്പോലെ തന്നെ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ ഏറ്റവും അധികം കഷ്‌ടപ്പെടുന്ന ഒരു കൂട്ടരാണ് നമ്മുടെ പൊലീസ് സേന. ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പൊലീസ് സദാ കർമനിരതരാണ്. കൊവിഡ് പ്രതിരോധത്തിൽ പൊലീസിനെ സഹായിക്കുകയാണ് രാജസ്ഥാനിലെ ദുംഗാർപൂരിലുള്ള ആറു പെണ്‍കുട്ടികൾ. പൊലീസ് മിത്ര് എന്ന സംഘടനയുടെ ഭാഗമായാണ് ഈ പെണ്‍കുട്ടികൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനെ സഹായിക്കുന്നത്.
സേവനത്തിനിറങ്ങാൻ ഈ വനിതാ സംഘത്തിന് പ്രത്യേക യൂണിഫോമുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രത്യേകം തിരിച്ചറിയൽ കാർഡും ഇവർക്ക് നൽകിയിട്ടുണ്ട്. പൊലീസ് മിത്രയിൽ നിന്ന് ഇവരെക്കൂടാതെ ധാരാളം യുവതീ -യുവാക്കൾ ഇത്തരത്തിൽ വിവിധ ഇടങ്ങളിൽ പൊലീസിനെ സഹായിക്കുന്നുണ്ട്. കൊവിഡ് ഭയന്ന് എല്ലാവരും വീടിനുള്ളിൽ ഇരിക്കുമ്പോഴാണ് പൊലീസ് മിത്ര എന്ന സംഘടന പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. ദുംഗാര്‍പൂരിലെ കോട്ട്വാലി പൊലീസ് സ്‌റ്റേഷനിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആകെ 26 പേരെയാണ് വിന്യസിച്ചിരിക്കുന്നത്. അതിൽ ആറുപേർ പൊലീസ് മിത്രയിൽ നിന്നുള്ള ഈ യുവതികളാണ്.
പൊലീസ് മിത്രയിലെ അംഗങ്ങൾ എല്ലാദിവസവും രാവിലെ അതാത് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകും. ഓരോ ദിവസവും ഏതൊക്കെ മേഖലയിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങേണ്ടതെന്ന് തീരുമാനിക്കുക സ്റ്റേഷൻ ഹൗസ് ഓഫിസർമാരാണ്. കൊവിഡ് മഹാമാരിയുടെ കാലത്ത് പെണ്‍കുട്ടികള്‍ വീടിന് പുറത്തിറങ്ങുന്നതും മറ്റും ഉത്തരേന്ത്യൻ പട്ടണങ്ങളിൽ അപൂർവ കാഴ്‌ചയാണ്. അവിടെയാണ് പൊലീസ് മിത്രയുടെ കീഴിൽ ഒരുകൂട്ടം പെണ്‍കുട്ടികൾ പൊലീസിനൊപ്പം കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാവുന്നത്.