ന്യൂഡല്‍ഹി: കേരള നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയില്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെ കുറിച്ച് അന്വേഷിക്കുകയാണെന്നും വിഷയത്തില്‍ സിപിഎം കേരള ഘടകവും സംസ്ഥാന സര്‍ക്കാരും കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
ഗവർണർ കൂടുതൽ സമയം ചെലവഴിക്കുന്നത് ഡൽഹിയിലാണെന്നും യെച്ചൂരി ആരോപിച്ചു. ഗവര്‍ണര്‍ എന്നത് ഒരു ഭരണഘടന പദവിയാണ്. ആ പദവിക്ക് മാന്യതയുണ്ട്. മന്ത്രിസഭയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് എന്ന് ഭരണഘടനയില്‍ വ്യക്തമാണ്. അത് കേരള ഗവര്‍ണര്‍ ലംഘിക്കുകയാണെങ്കില്‍ പരിഹാരം കാണുമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ഇതേ സാഹചര്യമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്‌ട്രീയം സംസ്ഥാനത്ത് നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭ പാസാക്കിയ ബില്ലുകള്‍, സര്‍വകലാശാല വൈസ് ചാൻസലർമാരുടെ നിയമനം, രാജി തുടങ്ങിയ വിഷയങ്ങളിൽ എൽഡിഎഫ് സർക്കാരും ഗവർണറും തമ്മിൽ തർക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.