ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ ഗുണ്ട നേതാവും രാഷ്‌ട്രീയക്കാരനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും വെടിയേറ്റ് മരിച്ച സംഭവം പുനഃസൃഷ്‌ടിച്ച് സര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മിറ്റി. കേസുമായി ബന്ധപ്പെട്ട് പ്രയാഗ്‌രാജ് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ജുഡീഷ്യല്‍ കമ്മിറ്റി സംഭവം പുനഃസൃഷ്‌ടിച്ചത്.
അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും വെടിവച്ച് കൊലപ്പെടുത്തിയ മുഖ്യപ്രതി ലവ്‌ലേഷ് തിവാരിയുടെ മൂന്ന് സുഹൃത്തുക്കളെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബാംദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മൂവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി എസ്‌ഐടി (സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) ഹമീര്‍പൂരിലും കാസ്‌ഗഞ്ചിലും എത്തിയിട്ടുണ്ട്.
പ്രതി ലവ്‌ലേഷ് തിവാരിയ്‌ക്ക് റിപ്പോര്‍ട്ടിങ് പരിശീലനം: അതിഖ് അഹമ്മദിന്‍റെ കൊലയാളി ലവ്‌ലേഷ് തിവാരിയ്‌ക്ക് മാധ്യമ റിപ്പോര്‍ട്ടിങ് പരിശീലനം നല്‍കിയ മൂന്ന് പേരെയാണ് പൊലീസ് ബാംദയില്‍ വച്ച് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. പ്രാദേശിക വാര്‍ത്ത വെബ്‌സൈറ്റില്‍ ജോലി ചെയ്യുന്നവരാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ട രീതികളെ കുറിച്ചും ക്യാമറ വാങ്ങുന്നതിനും മൂവരും ലവ്‌ലേഷ് തിവാരിയെ സഹായിച്ചു.
അതിഖിന്‍റെ ഭാര്യ ഷൈസ്‌ത പര്‍വീണിനായി തെരച്ചില്‍ ഊര്‍ജിതം: ഒളിവില്‍ പോയ അതിഖ് അഹമ്മദിന്‍റെ ഭാര്യ ഷൈസ്‌ത പര്‍വീനായി കൗശാമ്പിയില്‍ ഉത്തര്‍ പ്രദേശ് പൊലീസ് പരിശോധന നടത്തി. മേഖലയില്‍ ഏതാനും കുറ്റവാളികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് മേഖലയില്‍ പൊലീസ് പരിശോധന നടത്തിയത്. രണ്ട് മണിക്കൂറിലധികം നേരം ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഷൈസ്‌ത പര്‍വീനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും കൗശാമ്പി എഎസ്‌പി സമര്‍ ബഹാദൂര്‍ പറഞ്ഞു.
ഷൈസ്‌ത പര്‍വീണിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതേഷികം: ഒളിവില്‍ പോയ ഷൈസ്‌ത പര്‍വീണിനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനമൊട്ടാകെ വ്യാപക തെരച്ചില്‍ നടത്തിയിട്ടും ഷൈസ്‌തയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഉമേഷ് പാല്‍ വധക്കേസിന് പിന്നാലെയാണ് ഷൈസ്‌ത പര്‍വീണ്‍ ഒളിവില്‍ പോയത്.
മകന്‍ അസദ് അഹമ്മദിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഷൈസ്‌ത പര്‍വീണെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. തുടര്‍ന്ന് മകന്‍ അസദ് അഹമ്മദിന് പിന്നാലെ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടപ്പോള്‍ ഷൈസ്‌ത പര്‍വീണ്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ ഇരുവരുടെയും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പര്‍വീണ്‍ എത്താത്തത് മറ്റ് ചില ആരോപണങ്ങളിലേക്ക് നയിച്ചു. ഷൈസ്‌ത പര്‍വീണ്‍ ആത്മഹത്യ ചെയ്‌തുവെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഭര്‍ത്താവും മകനും കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്ത് അടുത്ത ഇര താനായേക്കാമെന്ന ഭയത്തിലാകും ഷൈസ്‌ത പര്‍വീണ്‍ ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.
മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ വെടിയേറ്റ് പിടഞ്ഞ് അതിഖും അഷ്‌റഫും: ഏപ്രില്‍ 15നാണ് ഗുണ്ട രാഷ്‌ട്രീയ നേതാവായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പ്രയാഗ്‌രാജില്‍ വച്ച് വെടിയേറ്റ് മരിച്ചത്. അതിഖിന്‍റെ മകന്‍ അസദ് അഹമ്മദും കൂട്ടാളി ഗുലാം മുഹമ്മദും ഝാന്‍സിയില്‍ വച്ച് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് അതിഖിന്‍റെ കൊലപാതകം. മെഡിക്കല്‍ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇരുവര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്.
പൊലീസുകാര്‍ക്കൊപ്പം നടക്കുമ്പോള്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് കൃത്യം നടത്തിയത്. ജനങ്ങളെ ഏറെ നടുക്കിയ ഈ സംഭവം അരങ്ങേറിയതാകാട്ടെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പിലാണെന്നതും ഏറെ ശ്രദ്ധയമാണ്.
more read: അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടു; വെടിയുതിര്‍ത്തത് മാധ്യമപ്രവര്‍ത്തകരായി എത്തിയവര്‍