ആദിലാബാദ്: ഒരു തക്കാളിയുടെ വില 20 രൂപയാണെന്ന് കേട്ടാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍, വിശ്വസിച്ചേ മതിയാവൂ. അടുത്തിടെയായി തക്കാളി കിലോയ്‌ക്ക് 100 രൂപയായിരുന്നു വിലയെങ്കില്‍ തെലങ്കാനയിലെ ആദിലാബാദിലെ റെയ്‌ത്തു ബസാറില്‍ (തുച്ഛവില കേന്ദ്രം) ബുധനാഴ്‌ച (26.07.2023) തക്കാളി കിലോയ്‌ക്ക് 200 രൂപയായിരിക്കുകയാണ്.
ഒരു കിലോയില്‍ 10 മുതല്‍ 12 വരെ തക്കാളി ഉണ്ടാകും. അങ്ങനെയെങ്കില്‍ ഓരോ തക്കാളിക്കും 20 രൂപയാണ് വില. ആദിലാബാദ് ജില്ലയിലെ മൊത്തം ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്കായി ഏകദേശം 50 ടണ്‍ തക്കാളി പ്രതിദിനം ആവശ്യമാണ്. ഇത്രയും നാള്‍ പച്ചക്കറികള്‍ക്കിടയില്‍ വിലകുറവില്‍ ലഭിച്ചിരുന്നതിനാല്‍ നല്ല രുചി ലഭിക്കുന്നതിനായി മിക്ക കറികളിലും തക്കാളി ഉപയോഗിച്ചിരുന്നു. വില വര്‍ധിച്ച സാഹചര്യത്തില്‍ ആഴ്‌ചയില്‍ ഒന്നോ രണ്ടോ തക്കാളിയോ മാത്രമാണ് നിലവില്‍ ഉപയോഗിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.
വിള നഷ്‌ടത്തില്‍ ഇടപെടാതെ സര്‍ക്കാര്‍: ആദിലാബാദ് ജില്ലയില്‍ മാത്രം 20,000 ഏക്കര്‍ ഭൂമിയിലാണ് തക്കാളി കൃഷി ചെയ്യുന്നത്. എല്ലാ വര്‍ഷവും നഷ്‌ടം നേരിടുന്ന പച്ചക്കറി കൃഷിയില്‍ സര്‍ക്കാരിന്‍റെ ആവശ്യമായ പ്രോത്സാഹനം കര്‍ഷകര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിചെയ്യുന്ന സ്ഥലത്തിന്‍റെ വിസ്‌തൃതി ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ജില്ലയില്‍ വിളവെടുക്കുന്ന കൃഷി സെപ്‌റ്റംബര്‍ ആദ്യ വാരത്തിലാണ് വിപണിയില്‍ എത്തുന്നത്.
ഈ സമയം, ഒരു കിലോ തക്കാളിയുടെ വില 40 രൂപയില്‍ താഴെയായിരിക്കും. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ തക്കാളി എത്തുമ്പോള്‍ വീണ്ടും വില കുറയുകയും വലിയ രീതിയില്‍ നഷ്‌ടം സംഭവിക്കുകയും ചെയ്യുന്നു. മഴക്കാലത്തിന് ശേഷം, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളില്‍ നിന്നും തക്കാളി ഇറക്കുമതി ചെയ്യും.
വിലക്കയറ്റത്തിന് കാരണങ്ങൾ പലതാണെന്ന് കർഷകർ പറയുന്നു. മഴക്കാലത്ത് വിളവെടുപ്പ് സാധ്യമാകാത്തതിനാലും കനത്ത മഴയെ തുടര്‍ന്നും വിളകള്‍ വ്യാപകമായി നശിക്കുന്നുണ്ട്. ഇത് മൂലം തക്കാളിക്ക് ക്ഷാമം നേരിടുന്നു. വളരെ പെട്ടെന്ന് തന്നെ തക്കാളിക്ക് രാജ്യവ്യാപകമായി വന്‍ തോതില്‍ ഡിമാന്‍റുണ്ടാവുകയും തുടര്‍ന്ന് വില ഗണ്യമായി വര്‍ധിക്കുകയും ചെയ്യുന്നുവെന്നാണ് ആദിലാബാദിലെ കർഷകർ പറയുന്നത്.
സ്വയം വില നിര്‍ണയിക്കുന്ന വ്യാപാരികള്‍: തക്കാളിയുടെ ആവശ്യം കണക്കിലെടുത്ത് ചില വ്യാപാരികള്‍ പണമുണ്ടാക്കുന്നതിനായി സ്വയം വില നിര്‍ണയിക്കുന്നവരായി മാറുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഒരു ട്രേ (ഒരു ബോക്‌സ്) അല്ലെങ്കില്‍ 25 കിലോ തക്കാളിക്ക് 2500 മുതല്‍ 3000 വരെയാണ് വില. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത തക്കാളി മൊത്തക്കച്ചവടക്കാർ 3,500-4,000 രൂപയ്ക്ക് വിൽക്കുന്നു.
ഇത്തരത്തിലെങ്കില്‍ ഒരു കിലോ തക്കാളിക്ക് 140 രൂപയാണ് വില. ഇതില്‍ ചില ലാഭങ്ങള്‍ കണ്ട് വില്‍ക്കുകയാണെങ്കില്‍ 160 രൂപയ്‌ക്ക് വരെ ഒരു കിലോ തക്കാളി വില്‍ക്കാന്‍ സാധിക്കും. വിപണിയില്‍ തക്കാളിക്ക് ക്ഷാമം ഉണ്ടാകുമ്പോള്‍ വ്യാപാരികള്‍ സ്വയം വില നിശ്ചയിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ എത്തിച്ചേരുമ്പോള്‍ 200 രൂപ വരെയാകും ഒരു കിലോ തക്കാളിയുടെ വില. തക്കാളിക്കൊപ്പം മുളകിനും കിലോയ്‌ക്ക് 160 രൂപയാണ് വില. മറ്റ് പച്ചക്കറികള്‍ക്ക് വില 100 രൂപയ്‌ക്ക് മുകളിലാണ്.