ഉത്തരകാശി (ഉത്തരാഖണ്ഡ്): രാജ്യത്തെ ഞെട്ടിച്ച സിൽക്യാര ദുരന്തത്തിന് (Silkyara tunnel collapse) ശേഷം തുരങ്കത്തിന്‍റെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചതായി (Silkyara tunnel construction work has resumed) അധികാരികൾ അറിയിച്ചു. തുരങ്ക നിർമാണത്തിനിടെ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി മൂന്ന് ആഴ്‌ച പിന്നിട്ടപ്പോഴാണ് നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചത്. നവംബർ 11-നാണ് നിർമാണത്തിനിടെ തുരങ്കം തകർന്നത്.
നിർമാണ പ്രവൃത്തികൾ തുടങ്ങിയെങ്കിലും പണികൾ വേഗത്തിലായില്ലെന്നാണ് ലഭിച്ച വിവരം. രക്ഷാപ്രവർത്തകരുടെ ദിവസങ്ങൾ നീണ്ട കഠിന പ്രയത്നങ്ങൾക്കൊടുവിലാണ് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചത്. സംഭവം നടന്ന് 16 ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ദൗത്യ സേനയ്‌ക്ക് കഴിഞ്ഞത്.
നിർമാണക്കമ്പനിയിലെ അധികൃതർ സുരക്ഷയുടെ കാര്യത്തിൽ വാക്കുപാലിക്കാത്ത സാഹചര്യത്തിൽ സിൽക്യാര ഭാഗത്ത് നിന്ന് പണി തുടങ്ങാനാകുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ല.
ടണൽ തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ച അന്വേഷണ സമിതി അപകടത്തെക്കുറിച്ച് നാല് ദിവസം അന്വേഷിച്ച ശേഷം ഡൽഹിയിലേക്ക് മടങ്ങിയതായി അധികാരികൾ അറിയിച്ചു. സമിതി പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. സിൽക്യാര ഭാഗത്തെ പ്രവൃത്തികൾ പുനരാരംഭിക്കുന്നത് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും. വരും ദിവസങ്ങളിൽ സിൽക്യാരയിൽ നിർമാണം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാർധാം ഓൾ വെതർ റോഡ് പ്രോജക്‌ടിന്‍റെ നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ ദീപാവലി ദിവസം പുലർച്ചെ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ 41 തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയായിരുന്നു. ലോകപ്രശസ്‌ത ടണലിംഗ് വിദഗ്‌ദൻ അർനോൾഡ് ഡിക്‌സ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 4.531 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്ക പദ്ധതിയിൽ 480 മീറ്റർ ദൂരമാണ് ഇനി ഖനനം ചെയ്യാനുള്ളത്.