ചണ്ഡിഗഡ് : ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കേസ് സിറ്റിങ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദുവിന്‍റെ പിതാവ് ബൽക്കൗർ സിങ് ഭഗവന്ത് മന്നിന് കത്തെഴുതിയിരുന്നു. പിന്നാലെയാണ്, ഇതുസംബന്ധിച്ച് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് മുഖ്യമന്ത്രിയുടെ അഭ്യർഥന.
സംഭവത്തെ, ഗുണ്ടാസംഘവുമായി ബന്ധപ്പെടുത്തിയതിന് ഡി.ജി.പി മാപ്പ് പറയണമെന്നും സുരക്ഷ പിൻവലിച്ച ഉത്തരവ് പരസ്യമാക്കിയ ഉദ്യോഗസ്ഥർ ഉത്തരവാദികളാകണമെന്നും ബല്‍ക്കര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസി ഉള്‍പ്പടെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്‍റെ പൂർണ സഹകരണം മൻ ഉറപ്പുനൽകി.
പിന്‍വലിച്ചത് 424 പേരുടെ സുരക്ഷ : കൊലപാതകത്തെ ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായി ബന്ധിപ്പിച്ച ഡി.ജി.പിയോട് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിര്‍ദേശിച്ചു. പൊലീസിന്‍റെ പ്രത്യേകസംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകൾ പൊലീസ് കണ്ടെത്തി.
പഞ്ചാബിലെ മന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍വച്ച് ഞായറാഴ്‌ചയാണ് സംഭവം. സിദ്ദുവിന് ഉണ്ടായിരുന്ന വി.ഐ.പി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 30 റൗണ്ട് വെടിയേറ്റ് അദ്ദേഹം മരിച്ചത്. വെടിവയ്‌പ്പിനിടെ ഗായകന്‍റെ കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. സിദ്ദു ഉള്‍പ്പടെ 424 പേരുടെ സുരക്ഷയാണ് പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍ പിന്‍വലിച്ചത്.