റായ്ച്ചൂർ : വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൻ്റെ മകൻ മൈസൂരിൽ നിന്ന് മത്സരിക്കുമെന്ന വാർത്ത തള്ളി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർലമെന്‍റ് സുരക്ഷ ലംഘനത്തിന് പാസ് നല്‍കി വിവാദത്തിലായ മൈസൂർ എംപി പ്രതാപ് സിംഹയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതാപ് സിംഹ ഭയപ്പെട്ടിരിക്കുകയാണെന്നും അതിനാലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൈസൂരു-കുടക് മണ്ഡലത്തിൽ തന്‍റെ മകൻ യതീന്ദ്ര മത്സരിക്കുമെന്ന് പറയുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു (Siddaramaiah Dismissed BJP MP Pratap Simhas Claim).
എംഎൽഎമാർ, പ്രാദേശിക നേതാക്കൾ, മണ്ഡലങ്ങളിലെ പാർട്ടി ഭാരവാഹികൾ എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നൽകുന്നതെന്നും വ്യക്തിപരമായ മാനദണ്ഡങ്ങൾ നോക്കിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "പ്രതാപ് സിംഹ ഭയന്നിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം യതീന്ദ്ര മത്സരിക്കുമെന്ന് പറയുന്നത്. യതീന്ദ്ര തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഞാനോ യതീന്ദ്രയോ പറഞ്ഞിട്ടില്ല." സിദ്ധരാമയ്യ വ്യക്‌തമാക്കി.
മൈസൂരു-കുടക് ലോക്‌സഭ മണ്ഡലത്തിന്‍റെ നിരീക്ഷകനായി സംസ്ഥാന നഗരവികസന മന്ത്രി സുരേഷ ബി എസിനെ നിയമിച്ചതായും സിദ്ധരാമയ്യ പറഞ്ഞു. മണ്ഡലത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളെക്കുറിച്ചുള്ള റിപ്പോർട്ട് സുരേഷ സമർപ്പിച്ചിട്ടുണ്ടെന്നും, അതിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തി; മൈസൂര്‍ എംപി പ്രതാപ് സിംഹയുടെ സഹോദരന്‍ അറസ്റ്റില്‍
അടുത്തിടെ പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹ മരം മുറി കേസിൽ അറസ്‌റ്റിലായിരുന്നു. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ മകനെ മത്സരിച്ച് ജയിപ്പിക്കാൻ കളമൊരുക്കുന്നതിനാണെന്നാണ് പ്രതാപ് സിംഹ ആരോപിച്ചത്. കേസിലൂടെ തന്നെ അപകീർത്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.