ന്യൂഡല്‍ഹി: ഒരുമിച്ച് താസിച്ചിരുന്ന വനിത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ 12 മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്ത് ഡല്‍ഹി പൊലീസ്. കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളായി വെട്ടിനുറുക്കിയ ശരീര ഭാഗങ്ങള്‍, ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍, പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടും തല എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധ വാക്കര്‍ (28) എന്ന യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി അഫ്‌താബ് അമീന്‍ പൂനാവാല (28) തിങ്കളാഴ്‌ചയാണ് (നവംബര്‍ 14) പിടിയിലായത്. പ്രതി 35 കഷണങ്ങളാക്കിയ യുവതിയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കാൻ 20 ദിവസമെടുത്തെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
'മൃതദേഹം സംസ്‌കരിക്കാന്‍ ക്രൈം സിനിമകള്‍ കണ്ടു': രണ്ട് ദിവസമെടുത്താണ് അഫ്‌താബ് മൃതദേഹം 35 കഷണങ്ങളാക്കിയത്. ശേഷം, ഫ്രീസറില്‍ സൂക്ഷിച്ച് 20 ദിവസമെടുത്ത് ഡല്‍ഹിയുടെ വിവിധ ഇടങ്ങളിലുള്ള കാടുമൂടിയ പ്രദേശത്ത് കൊണ്ടുതള്ളുകയായിരുന്നു. പുലര്‍ച്ചെ ബാഗില്‍ ആര്‍ക്കും സംശയം തോന്നാത്ത രൂപത്തിലാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്. ഉള്‍ക്കാടുകള്‍ തെരഞ്ഞുപിടിച്ച് പോയാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചിരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു.
മൃതദേഹം സംസ്‌കരിക്കുന്നതിനെക്കുറിച്ച് കൂടുതലറിയാന്‍ ക്രൈം ത്രില്ലർ സിനിമകള്‍ കണ്ടാണ് കാര്യങ്ങള്‍ മനസിലാക്കിയത്. ഹോട്ടൽ മാനേജ്‌മെന്‍റിൽ ബിരുദം നേടിയ അഫ്‌താബ് മാംസം മുറിക്കുന്നതിൽ പരിശീലനം നേടിയിരുന്നു. ഇതുകൂടി പ്രതിയ്‌ക്ക് സഹായകരമായെന്ന് പൊലീസ് പറയുന്നു.
മനുഷ്യ ശരീരഘടനയെക്കുറിച്ച് വിശദമായി വായിച്ചറിഞ്ഞിരുന്നെന്നും അതുകൊണ്ടുതന്നെ ശരീരം വെട്ടിമാറ്റാൻ എളുപ്പമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അഫ്‌താബിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി അടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
ബന്ധം കുടുംബം എതിര്‍ത്തു, ഒടുവില്‍ ഡല്‍ഹിയില്‍: മുംബൈയിലെ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്നതിനിടെ ഡേറ്റിങ് ആപ്പ്‌ളിക്കേഷനിലൂടെയാണ് അഫ്‌താബ് ശ്രദ്ധയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ ബന്ധത്തെ യുവതിയുടെ കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് ഒരുമിച്ച് താമസം മാറുകയായിരുന്നു. തുടക്കത്തിൽ, നല്ല ബന്ധം പുലർത്തിയിരുന്നെങ്കിലും കൃത്യം നടന്ന താമസ സ്ഥലത്തേക്ക് മാറിയതിന് ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ALSO READ| ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഫ്‌താബിനൊപ്പം ശ്രദ്ധ ഡല്‍ഹി മെഹ്‌റോളിയിലെ വാടക വീട്ടിലേക്ക് മാറിയത്. മെയ് 18നാണ് അഫ്‌താബ്, ശ്രദ്ധയെ കൊലപ്പെടുത്തിയത്. തുടർന്ന്, കൊലപാതക ശേഷം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധയുടെ സോഷ്യൽ മീഡിയകള്‍ ഉപയോഗിച്ച് മെസേജ് അയച്ചിരുന്നു. യുവതിയുടെ പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിച്ച് മകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നതുവരെ കൊലപാതകം ദുരൂഹമായി തുടർന്നു.
യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അഫ്‌താബ് പറഞ്ഞതോടെയാണ് പിതാവിന് സംശയം തോന്നിയത്. ശ്രദ്ധയെ ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിനിടെ നവംബര്‍ എട്ടിന് ശ്രദ്ധയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിക്കുന്ന ഡല്‍ഹിയിലെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റ് പൂട്ടിക്കിടക്കുന്നത് കണ്ടാണ് ഇവര്‍ മകളെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. തുടര്‍ന്ന് മെഹ്‌റോളി പൊലീസ് അഫ്‌താബിനെ കസ്റ്റഡിയിലെുക്കുകയായിരുന്നു.
പ്രതിയ്‌ക്ക് വധശിക്ഷ നല്‍കണമെന്ന് യുവതിയുടെ അച്ഛന്‍: ഇതോടെ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. വിവാഹം കഴിക്കണമെന്ന ശ്രദ്ധയുടെ ആവശ്യം തര്‍ക്കത്തിലേക്ക് നീങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഫ്‌താബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ പൂര്‍ണമായുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജിമാക്കിയിട്ടുണ്ട്.
"അഫ്‌താബിന് വധശിക്ഷ തന്നെ നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. എനിക്ക് ഡൽഹി പൊലീസിൽ വിശ്വാസമുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നുതന്നെയാണ് ഞങ്ങൾ കരുതുന്നത്.'' ശ്രദ്ധയുടെ പിതാവ് പറയുന്നു. ആറുമാസം മുന്‍പ് നടന്ന കൊലപാതകം തിങ്കളാഴ്‌ചയാണ് പുറത്തായത്. നവംബർ 10നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. പിടിയിലായ പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.