മയിലാടുതുറൈ : തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ 23 കാരിയെ വീട്ടിൽ അതിക്രമിച്ചുകയറിയ 15 അംഗ സംഘം തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം വീടിന്‍റെ വാതിൽ തകർത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
എന്നാൽ അവസരോചിതമായ ഇടപെടൽ നടത്തിയ പൊലീസ് സംഘം വില്ലുപുരം ജില്ലയിലെ വിക്രവണ്ടി ടോൾഗേറ്റിന് സമീപം പ്രതികളുടെ വാഹനം തടഞ്ഞ് യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ വിഘ്‌നേശ്വരൻ (34), സുഭാഷ് ചന്ദ്രബോസ്, സെൽവകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പ്രതിയായ വിഘ്‌നേശ്വരനും പെണ്‍കുട്ടിയും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യങ്ങളെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. തുടർന്ന് വിഘ്‌നേശ്വരൻ പെൺകുട്ടിയെ പിന്തുടരുകയും പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
പിന്നാലെ ഇയാൾക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് വിഘ്‌നേശ്വരന് താക്കീത് നൽകുകയും പെണ്‍കുട്ടിയെ ഇനി ശല്യപ്പെടുത്തില്ല എന്ന് രേഖാമൂലം എഴുതി വാങ്ങുകയും ചെയ്‌തു. ഇതിനിടെ ജൂലൈ 12ന് വിഘ്‌നേശ്വരൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇയാളിൽ നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് കുടുംബം മയിലാടുംതുറൈ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വീണ്ടും പരാതി നൽകുകയും പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഇതിന്‍റെ വൈരാഗ്യത്തിൽ വിഘ്‌നേശ്വരനും സുഹൃത്തുക്കളും കാറിലും ഇരുചക്രവാഹനങ്ങളിലും മാരകായുധങ്ങളുമായി എത്തി വീടിന്‍റെ ഇരുമ്പ് വാതിൽ തകർത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
പിന്നാലെ മയിലാടുതുറൈ ഡി.എസ്.പി വസന്തരാജിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനെത്തുടർന്ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടി ടോൾഗേറ്റിന് സമീപം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനം തടഞ്ഞ് പൊലീസ് സംഘം യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.