ഭോപ്പാല്‍ : പാര്‍ട്ടിയില്‍ നിന്നും തനിക്കായി എന്തെങ്കിലും ആവശ്യപ്പെടുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഭാരതീയ ജനത പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപി പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവ്‌രാജ് സിങ് ചൗഹാന്‍ (MP Former CM Shivraj Singh Chouhan).
'ഡല്‍ഹിയില്‍ പോയി തനിക്കായി എന്തെങ്കിലും ചോദിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണെന്ന് താഴ്‌മയോടെ താന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. സംസ്ഥാനത്ത് ഉന്നത സ്ഥാനം ലഭിക്കാന്‍ വേണ്ടി താന്‍ ഒരിക്കലും മത്സരിച്ചിട്ടില്ല. ബിജെപി എന്നത് ഒരു ദൗത്യമാണ്. ഓരോരുത്തര്‍ക്കും പ്രത്യേക ജോലികളുണ്ട്. തന്നെ ഏല്‍പ്പിക്കുന്ന ഏത് ജോലിയും താന്‍ ചെയ്യും. മാത്രമല്ല തനിക്ക് നല്‍കുന്ന ഏത് സ്ഥാനമാണെങ്കില്‍ താന്‍ പൂര്‍ണ സംതൃപ്‌തനാണ് . മോഹന്‍ യാദവിന്‍റെ നേതൃത്വത്തില്‍ പുതിയ ബിജെപി സര്‍ക്കാര്‍ രൂപം കൊണ്ടു. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വികസനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും' ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു (Madhya Pradesh Chief Minister).
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കഠിനാധ്വാനമാണ് മദ്യപ്രദേശിലെ പാര്‍ട്ടിയുടെ വിജയം. പ്രത്യേകിച്ചും ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും കൂടുതല്‍ പിന്തുണ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. ലാഡ്‌ലി ബെഹ്‌ന പദ്ധതിയെല്ലാം അതിന് ഉദാഹരണമാണെന്നും' -അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌ത്രീകള്‍ക്ക് മാസം തോറും 1250 രൂപ നല്‍കുന്ന പദ്ധതിയാണ് 'ലാഡ്‌ലി ബെഹ്‌ന യോജന' (Ladli Behna Yojana). ചൗഹാന്‍ സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളില്‍ ഒന്നാണ് ലാഡ്‌ലി ബെഹ്‌ന യോജന. ബിജെപി ഭരണക്കാലത്ത് സംസ്ഥാനത്ത് സര്‍വോത്മുഖമായ വികസനം കൈവരിച്ചു. റോഡുകളുടെ വികസനം, വൈദ്യുതി വിതരണം, കാര്‍ഷിക മേഖലയിലെ വളര്‍ച്ച എന്നിങ്ങനെ നിരവധി വികസനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. സ്‌ത്രീ ശാക്തീകരണവും കര്‍ഷക ക്ഷേമ പരിപാടികളും തനിക്ക് വോട്ടു നേടാനുള്ള തന്ത്രമായിരുന്നില്ലെന്നും ചൗഹാന്‍ പറഞ്ഞു (MP New CM Mohan Yadav).
മോഹന്‍ യാദവ് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ചൊവ്വാഴ്‌ച (ഡിസംബര്‍ 12) രാവിലെ ചൗഹാന്‍റെ വസതിയിലെത്തിയ സ്‌ത്രീകള്‍ സംസാരിക്കുന്നതും ചൗഹാനെ കെട്ടിപ്പിടിച്ച് കരയുന്നതിന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേസമയം പുതിയ മുഖ്യമന്ത്രിയായി മോഹന്‍ യാദവ് നാളെ (ഡിസംബര്‍ 13) സത്യപ്രതിജ്ഞ ചെയ്യും.
Also read: ശിവരാജ് സിങ് ചൗഹാനല്ല, മധ്യപ്രദേശില്‍ ഇനി മോഹന്‍ യാദവ്; മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി