മുംബൈ: ഹിന്ദി സിനിമ-സീരിയല്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്‌റ്റിലായ സഹതാരം ഷീസാന്‍ ഖാന്‍ ജാമ്യം നല്‍കണമെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബന്ധങ്ങളും വേര്‍പിരിയലും ജീവിതത്തിന്‍റെ ഭാഗമാണെന്നും അതിനാല്‍ തനിക്ക് തുനിഷയുടെ മരണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷീസാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഷീസാന്‍റെ ജാമ്യാപേക്ഷ ജസ്‌റ്റിസ് എം എസ് കര്‍ണിക്കിന്‍റെ സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
വേര്‍പിരിഞ്ഞത് പരസ്‌പര ധാരണയില്‍: എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഷീസാന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജി ഈ മാസം 30ന് ജസ്‌റ്റിസുമാരായ രേവതി മൊഹിതോ ദേരെ, പി കെ ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. രണ്ട് വ്യക്തികള്‍ തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമായാലും പരസ്‌പരം സമ്മതത്തോടുകൂടിയോ അല്ലെങ്കില്‍ അവരില്‍ ഒരാള്‍ സ്വമേധയോ ബന്ധം അവസാനിപ്പിച്ചാല്‍ മറ്റൊരാള്‍ ആത്മഹത്യ ചെയ്‌തു എന്നതിന്‍റെ പേരില്‍ ഐപിസിയിലെ 306 വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അറസ്‌റ്റ് ചെയ്യുന്നതും കസ്‌റ്റ്ഡിയില്‍ എടുക്കുന്നതും ന്യായീകരിക്കാനാവില്ലെന്ന് ഷീസാന്‍ പറഞ്ഞു.
തുനിഷ ശര്‍മയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന പ്രത്യേക ഉദ്ദേശത്തോടെ താന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 'താനുമായി ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് നിരവധി ബന്ധങ്ങള്‍ തുനിഷയ്‌ക്ക് ഉണ്ടായിട്ടുണ്ട്. തങ്ങളുടെ ബന്ധവും പരസ്‌പരം ധാരണയിലാണ് അവസാനിച്ചത്.
തുനിഷ ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്‌ച മുമ്പാണ് ബന്ധം അവസാനിപ്പിച്ചത്'. അതിനാല്‍ തന്നെ യാഥാര്‍ഥ്യം മനസിലാക്കി മുമ്പോട്ട് പോകുവാന്‍ തുനിഷയെ കൊണ്ട് സാധിച്ചുവെന്നും വേര്‍പിരിയലിനെ നേരിട്ടുള്ള പ്രേരണയായി കാണാന്‍ കഴിയില്ലെന്നും ഷീസാന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
തുനിഷയുടെ അമ്മയുടെ മൊഴി: ആത്മഹത്യ ചെയ്‌ത ദിവസം സീരിയല്‍ സെറ്റില്‍ വച്ച് ഷീസാന്‍ തുനിഷയെ മര്‍ദിച്ചതായി അമ്മ വനിത ശര്‍മ, പൊലീസിനോട് പറഞ്ഞു. കൂടാതെ തന്‍റെ മകളെ ഉറുദു പഠിക്കാനും ഹിജാബ് ധരിക്കാനും നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും വനിത ശര്‍മ ആരോപിച്ചു. നടിയുടെ അമ്മയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
തുനിഷ ശര്‍മ ആത്മഹത്യ ചെയ്‌തതിന്‍റെ യഥാര്‍ത്ഥ കാരണവും ഷീസാന്‍ ഖാന്, നടിയുടെ മരണത്തില്‍ പങ്കുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി ഇരുവരും തമ്മിലുള്ള ചാറ്റുകളാണ് പൊലീസ് പരിശോധിക്കുന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട നിരവധി ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിരുന്നു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏകദേശം 300 പേജുകളുള്ള ചാറ്റുകളാണ് പൊലീസ് വീണ്ടെടുത്തത്.
തുനിഷയും ഷീസാനും തമ്മില്‍ വേര്‍പിരിയാനുണ്ടായ യഥാര്‍ഥ കാരണം ചാറ്റ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകുമെന്ന് പൊലീസ് പറയുന്നു. 2022 ഡിസംബര്‍ 24നാണ് ആലിബാബ-ദസ്‌താന്‍-ഇ-കാബൂള്‍ താരം തുനിഷ ശര്‍മയെ മഹാരാഷ്‌ട്രയിലെ ടിവി ഷോയുടെ സെറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 25ന് തന്നെ സഹനടനും മുന്‍ സുഹൃത്തുമായ ഷീസാന്‍ ഖാന്‍ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്‌റ്റിലാകുകയും ചെയ്‌തു.