പൂനെ: മഹാരാഷ്‌ട്രയില്‍ എന്‍സിപി പിളര്‍ന്ന്, അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ശരദ് പവാർ. സംഭവിച്ച കാര്യങ്ങളിൽ തനിക്ക് ആശങ്കയില്ലെന്നും രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ജനങ്ങൾ യാഥാർഥ്യം ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിവിട്ടുപോയവരുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാർ കൂട്ടിച്ചേര്‍ത്തു.
'എന്‍റെ തട്ടകം പാടെ പിളർന്നുപോയെന്ന് ഞാൻ ഒരിക്കലും പറയില്ല. ഇത് എന്‍റെ പാര്‍ട്ടിയെ സംബന്ധിച്ചുള്ള കാര്യമല്ല. ഇത് ചില ആളുകളുടെ മാത്രം പ്രശ്‌നമാണ്. എന്‍സിപി വിട്ടുപോയവരുടെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. ഇതിന്‍റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
രണ്ട് ദിവസം മുന്‍പ്, അദ്ദേഹം ചില പ്രസ്‌താവന നടത്തിയിരുന്നു. അതിന് ശേഷം, ചിലർക്ക് അല്‍പം അസ്വസ്ഥത തോന്നിത്തുടങ്ങി. അക്കൂട്ടത്തില്‍ ഉള്ള ചിലർ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നടപടികളും നേരിട്ടിരുന്നു.' - അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ ശേഷം ശരദ് പവാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
'ആ കാര്യം വ്യക്തമായി, മോദിക്ക് നന്ദി': 'രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി എൻസിപിയെക്കുറിച്ച് പറഞ്ഞിരുന്നു. എൻസിപിയുടെ കഥ കഴിഞ്ഞെന്ന തരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ജലസേചനവുമായി ബന്ധപ്പെട്ട പരാതിയും അഴിമതി ആരോപണങ്ങളും അദ്ദേഹം പരാമർശിച്ചു. എന്‍റെ ചില സഹപ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്‌തതിൽ സന്തോഷമുണ്ട്. എൻഡിഎ സർക്കാരിൽ ചേര്‍ന്നതോടെ, അവര്‍ക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്നത് വ്യക്തമായി. ഇക്കാരണത്താല്‍ തന്നെ ഞാൻ മോദിയോട് നന്ദിയുള്ളവനാണ്.' - ശരദ് പവാർ പറഞ്ഞു.
'എന്‍റെ ചില സഹപ്രവർത്തകർ തീര്‍ത്തും വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിച്ചത്. ജൂലൈ ആറിന് ഞാൻ എല്ലാ നേതാക്കളേയും ചേര്‍ത്ത് ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. അവിടെ ചില സുപ്രധാന വിഷയം ചർച്ച ചെയ്യാനും പാർട്ടിക്കുള്ളിൽ ചില മാറ്റങ്ങൾ വരുത്താനുമായിരുന്നു ആലോചിച്ചത്. എന്നാൽ ആ യോഗത്തിന് മുൻപ് തന്നെ അവര്‍ ഈ പണിയാണ് ചെയ്‌തത്.' - 82 കാരനായ പവാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജിതേന്ദ്ര അവാദ് പ്രതിപക്ഷ നേതാവ്; പ്രഖ്യാപിച്ച് എൻസിപി: മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവാദിനെ പ്രഖ്യാപിച്ച് എൻസിപി. പൂനെയിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാറാണ് പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ എൻസിപി വിട്ട് ഞായറാഴ്‌ച എൻഡിഎ സഖ്യത്തിൽ ചേർന്നതിന് പിന്നാലെയാണ് തീരുമാനം. അതേസമയം, അജിത് പവാറിന്‍റെ വരവോടെ ഡബിൾ എഞ്ചിൻ സർക്കാർ ട്രിപ്പിൾ എഞ്ചിനായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
ALSO READ | Jitendra Awhad| ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് എൻസിപി