ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ജനങ്ങളുടെ ഹൃദയത്തിലാണ് വസിക്കുന്നതെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് ഷഹനവാസ് ഹുസൈൻ. ജമ്മു കശ്‌മീരിൽ വരാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിലെത്തിയതായിരുന്നു ഷഹനവാസ് ഹുസൈൻ. വോട്ടെടുപ്പിന് ശേഷം ദാൽ തടാകത്തിൽ 'താമര' വിരിയുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് താഴ്വരയിലെ ജനങ്ങൾ വളരെ ആവേശത്തിലാണെന്നും ഷഹനവാസ് ഹുസൈൻ പറഞ്ഞു .
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം, ഇവിടെ വികസനം നടന്നുവെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് പീപ്പിൾസ് അലയൻസ് ഓഫ് ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷഹനവാസ് ആരോപിച്ചു. കുൽഗാം ജില്ലയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു ഹുസൈൻ. പിഎജിഡി നേതാക്കളെ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
"ആളുകൾക്ക് ഗുപ്കർ സംഘത്തോട് ദേഷ്യമുണ്ട്, അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവർ പ്രസ്താവനകൾ മാത്രമാണ് നടത്തുന്നത്. ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തുകൊണ്ടാണ്? ഇവിടത്തെ ആളുകൾ അവർ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ പിന്തുണയ്ക്കുന്ന തീവ്രവാദികൾ അടുത്തിടെ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച ബിജെപി നേതാവ് പാകിസ്ഥാന് ആവശ്യമുള്ളതെന്തും പരീക്ഷിക്കാമെന്നും ഇന്ത്യയും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണെന്നും തീവ്രവാദം പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നിർവീര്യമാക്കാൻ സൈന്യം ശക്തമാണെന്നും അഭിപ്രായപ്പെട്ടു.