മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ സുരക്ഷ ഉദ്യോഗസ്ഥൻ എൻസിബി ഓഫിസിലെത്തി രേഖകൾ കൈമാറി. താരത്തിന് വേണ്ടി സീൽ ചെയ്‌ത കവറിലാണ് രേഖകൾ കൈമാറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ എൻസിബി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.
ഷാരൂഖ് ഖാൻ ആര്യൻ ഖാനെ സന്ദർശിച്ച ദിവസമാണ് എൻസിബി 'മന്നത്തിൽ' റെയ്‌ഡ് നടത്തിയത്. അതേസമയം തന്നെ നടി അനന്യ പാണ്ഡെയുടെ വീട്ടിലും പരിശോധന നടന്നിരുന്നു. ആര്യൻ ഖാന്‍റെ വാട്‌സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്‌ഡ് നടന്നതെന്നാണ് സൂചന.
READ MORE: പിടിമുറുക്കി എൻസിബി; ഷാരുഖാന്‍റെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ്
ബോളിവുഡിലെ യുവനടിയുമായി ആര്യൻ ഖാൻ ചാറ്റ് നടത്തിയതിന്‍റെ വിവരങ്ങള്‍ എൻസിബി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ നിലവിൽ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഗോവയിലേക്ക് പോവുകയായിരുന്ന കോർഡീലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ ഒക്‌ടോബർ 2ന് നടന്ന വിരുന്നില്‍ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്. ഒക്‌ടോബർ മൂന്നിനായിരുന്നു ആര്യന്‍റെ അറസ്റ്റ്.