ഹൈദരാബാദ് : തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2023. കിങ് ഖാന്‍റെതായി പുറത്തിറങ്ങിയ പത്താന്‍, ജവാന്‍ എന്നീ രണ്ടു ചിത്രങ്ങളും ബോക്‌സോഫിസില്‍ ബ്ലോക്ക്‌ബസ്റ്റര്‍ ഹിറ്റുകളാവുകയും ആയിരം കോടി ക്ലബുകളില്‍ ഇടംപിടിക്കുകയും ചെയ്‌തു. രണ്ട് വമ്പന്‍ വിജയചിത്രങ്ങളിലൂടെ നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ഷാരൂഖ് നടത്തിയത്. ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന ഡങ്കി എന്ന ചിത്രം കൂടി വിജയമാവുകയാണെങ്കില്‍ ഈ വര്‍ഷം കിങ് ഖാന്‍റെ താരമൂല്യം ഒന്നുകൂടി ഉയരും.
അതേസമയം ഐഎംഡിബിയുടെതായി പുറത്തിറങ്ങിയ ഈ വര്‍ഷത്തെ ജനപ്രിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങളിലെ തകര്‍പ്പന്‍ പ്രകടനങ്ങളും റിലീസിനൊരുങ്ങുന്ന ഡങ്കിയ്‌ക്കുളള വലിയ ഹൈപ്പുംകൊണ്ടാണ് ഷാരൂഖ് ഖാനെ ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ താരമായി ഐഎംഡിബി തിരഞ്ഞെടുത്തത്. 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരിൽ നിന്നുള്ള പേജ് കാഴ്‌ചകൾ അനുസരിച്ച് നിർണ്ണയിച്ചിട്ടുളളതാണ് ഐഎംഡിബിയുടെ എറ്റവും പുതിയ ലിസ്റ്റ് (Shah Rukh Khan tops IMDb's list of most popular Indian stars of the year).
ഷാരൂഖ് ഖാന് പിന്നില്‍ ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിസ്റ്റില്‍ രണ്ടാമതായി ഇടംപിടിച്ചിരിക്കുന്നത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ഹേര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് ആലിയ ഐഎംഡിബി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മെറ്റ് ഗാലയിലെ സാന്നിധ്യവും, 2022ല്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ ഗംഭീര വിജയവും സിനിമയുടെ ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നേട്ടവുമെല്ലാം ആലിയയുടെ ജനപ്രീതി കൂട്ടി. ഐഎംഡിബി ലിസ്റ്റിനെ പ്രേക്ഷകരുടെ തെരഞ്ഞെടുപ്പുകളുടെ യഥാര്‍ഥ പ്രതിഫലനമായി താന്‍ അംഗീകരിക്കുന്നതായി ആലിയ ഭട്ട് പറഞ്ഞു.
ഗോദ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പ്രിയങ്കരിയായ ബോളിവുഡ്- തെന്നിന്ത്യന്‍ താരം വാമിക ഗബ്ബിയും ഐഎംഡിബിയുടെ ആദ്യം പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്‍റെ ഖൂഫിയ, വിക്രമാദിത്യ മൊത്വാനിയുടെ ജൂബിലി, മോഡേണ്‍ ലവ് ചെന്നൈ വെബ് സീരിസ്, പഞ്ചാബി ചിത്രം കാലി ജോട്ടാ എന്നി ചിത്രങ്ങളിലൂടെ നടി ഈ വര്‍ഷം തിളങ്ങിയിരുന്നു. ഐഎംഡിബി ലിസ്റ്റില്‍ ഉള്‍പ്പെട്ട സന്തോഷം പങ്കുവച്ച വാമിഖ ഇനിയും മികച്ച പ്രകടനങ്ങള്‍ തുടരാനുളള ആത്മാര്‍ഥമായ ശ്രമം തന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.
ഷാരൂഖ് ഖാന്‍റെ ജവാനിലൂടെ ഈ വര്‍ഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നയന്‍താരയും ഐഎംഡിബി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നയന്‍സിന് പുറമെ ദീപിക പദുകോണും ലിസ്റ്റില്‍ മൂന്നാമതായി ഇടംപിടിച്ചു. പത്താന്‍, ജവാന്‍ എന്നീ രണ്ട് ഷാരൂഖ് ചിത്രങ്ങളിലും ദീപിക സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കരണ്‍ ജോഹറിന്‍റെ കോഫി വിത്ത് കരണ്‍ സീസണ്‍ എട്ടില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിങിനൊപ്പം പങ്കെടുത്തതിലൂടെയും ദീപിക ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ലസ്റ്റ് സ്റ്റോറീസ് 2, ജീ കര്‍ദാ, ആഖ്‌റി സച്ച് എന്നീ വെബ്‌സീരീസുകളിലൂടെയും ഭോലാ ശങ്കര്‍, ജയിലര്‍ എന്നീ സിനിമകളിലൂടെയും ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ നടി തമന്ന ഭാട്ടിയ ലിസ്റ്റില്‍ ആറാം സ്ഥാനത്ത് എത്തി. കരീന കപൂര്‍ ഖാന്‍ ഏഴാമതും, വിജയ് സേതുപതി പത്താം സ്ഥാനത്തും ഐഎംഡിബി ലിസ്റ്റിലുണ്ട്.