ന്യൂഡൽഹി: സിറ്റിങ് ജഡ്‌ജിമാർക്കെതിരെയും വിരമിച്ച ജഡ്‌ജിമാർക്കെതിരെയുമുള്ള ലൈംഗിക പീഡന കേസുകളിലെ അന്വേഷണ സംവിധാനത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. സെക്രട്ടറി ജനറലിനോട് നാല് ആഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ജഡ്‌ജി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 2014ൽ നിയമ വിദ്യാർഥി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഇര ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്നതിന് ആരോപണ വിധേയനായ ജഡ്‌ജി ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഗാഗ് ഓർഡർ നേടിയിരുന്നു. കേസിൽ സെക്രട്ടറി ജനറൽ ഇതുവരെ സത്യവാങ്‌മൂലം സമർപ്പിച്ചിട്ടില്ലെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങിന്‍റെ പരാമർശത്തെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.
സഞ്ചയ് കിഷാൻ കൗൾ, എഎസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നവംബർ 15ലേക്ക് മാറ്റി.