പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹന വ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ 13 പേർ അറസ്‌റ്റിൽ. ഇന്നലെ(21-8-2022) വൈകുന്നേരമാണ് സംഭവം. ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നക്ക് സമീപമുള്ള ഗൗരിചക്കിലുള്ള സോഹ്ഗി ഗ്രാമത്തിൽ വച്ചാണ് ആക്രമണം നടന്നത്.
ഒരു സംഘം ആളുകൾ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുനേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങൾ പൂർണമായി തകർന്നു. അക്രമം നടക്കുമ്പോൾ വാഹനവ്യൂഹത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരായിരുന്നു ഉണ്ടായിരുന്നത്. ഗയയിൽ മുഖ്യമന്ത്രി ഇന്ന് നടത്തുന്ന സന്ദർശനത്തിന് മുന്നോടിയായുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് സുരക്ഷ ഉദ്യോഗസ്ഥർ എത്തിയത്. പുതിയതായി നിർമിക്കുന്ന ഡാം സന്ദർശിക്കാനും വരൾച്ച സാഹചര്യങ്ങൾ വിലയിരുത്താനുമാണ് മുഖ്യമന്ത്രി ഇന്ന് ഗയ സന്ദർശിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രാദേശിക യാത്രകൾക്ക് വേണ്ടിയാണ് വാഹനവ്യൂഹം എത്തിയത്.