ഇംഫാൽ : കലാപം തുടരുന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന്‍റെ ഭാഗമായി തീവ്രവാദികൾ നിർമിച്ചതെന്ന് സംശയിക്കുന്ന ബങ്കറുകൾ പോലീസും കേന്ദ്ര സുരക്ഷാസേനയും ചേര്‍ന്ന് തകർത്തു. 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സൈന്യവുമായി നടത്തിയ സംയുക്ത നീക്കത്തിലൂടെ 12 ബങ്കറുകൾ തകർത്തതായാണ് മണിപ്പൂർ പൊലീസ് പ്രസ്‌താവനയിലൂടെ അറിയിച്ചത്. സംസ്ഥാന പൊലീസും കേന്ദ്ര സേനയും ചേർന്ന് തമെംഗ്‌ലോങ്, ഇംഫാൽ ഈസ്റ്റ്, ബിഷ്‌ണുപൂർ, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ, കാക്‌ചിങ് ജില്ലകളിൽ നടത്തിയ തെരച്ചിലിൽ മലയിലും താഴ്‌വരയിലുമായാണ് ബങ്കറുകൾ കണ്ടെത്തിയിരുന്നത്.
തെരച്ചിലിനിടെ സഹുമ്പായി ഗ്രാമത്തിലെ ബങ്കറിൽ നിന്ന് 51 എംഎമ്മിന്‍റെ മൂന്ന് മോർട്ടാർ ഷെല്ലുകളും (mortar shells) 84 എംഎമ്മിന്‍റെ മൂന്ന് മോർട്ടാർ ഷെല്ലുകളും കംഗ്വായ്, എസ്. കോട്‌ലിയൻ ഗ്രാമങ്ങൾക്കിടയിലുള്ള വയലിൽ നിന്ന് ഒരു ഐഇഡിയും കണ്ടെത്തി. പ്രദേശത്തെത്തിയ സംസ്ഥാന ബോംബ് സ്ക്വാഡ് കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കൾ നിർവീര്യമാക്കി.
സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമെന്ന് പൊലീസ് : കർഫ്യൂ ലംഘനം, ഉപേക്ഷിക്കപ്പെട്ട വീടുകളിൽ മോഷണം, തീവയ്‌പ്പ് തുടങ്ങിയ കേസുകളിൽ 135 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് അക്രമകാരികളിൽ നിന്ന് ആകെ 1100 ആയുധങ്ങളും 13,702 സ്ഫോടക വസ്‌തുക്കളും വിവിധ തരത്തിലുള്ള 250 ബോംബുകളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും എന്നാൽ ചിലയിടങ്ങളിൽ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫ്ലാഗ് മാർച്ചുകളും തെരച്ചിലുകളും തുടരുകയാണ്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൂടാതെ ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടക വസ്‌തുക്കളും ഉടൻ പൊലീസിനോ സുരക്ഷാസേനയ്‌ക്കോ തിരികെ നൽകണമെന്നും പൊലീസ് അറിയിച്ചു.
സമാധാനം പുനഃസ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഉറപ്പ് : അതേസമയം, മണിപ്പൂരിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി ഡിഎംകെ എംപി തിരുച്ചി ശിവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഡൽഹിയിൽ വച്ച് അമിത് ഷായുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നിരുന്നു. സംഘർഷമുള്ള സ്ഥലങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കണമെന്നും അക്രമ ബാധിതമായ വടക്കുകിഴക്കൻ സംസ്ഥാനം സന്ദർശിക്കാൻ സർവകക്ഷി സംഘത്തെ അനുവദിക്കണമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ അമിത് ഷായോട് പറഞ്ഞതായും യോഗത്തിൽ പങ്കെടുത്ത തിരുച്ചി ശിവ അറിയിച്ചിരുന്നു.
കഴിഞ്ഞ 50 ദിവസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം അത് പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും ശിവ കൂട്ടിച്ചേർത്തു. മണിപ്പൂരിലെ അക്രമങ്ങളിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്‌തിരുന്നു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കൂടുതൽ സേനയെ വിന്യസിക്കാൻ അമിത് ഷാ നടപടി എടുത്തതായും കേന്ദ്രം ഇതിനകം ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞ ഡിഎംകെ നേതാവ് മണിപ്പൂരിലെ വംശീയ കലാപം സംസ്ഥാനത്തിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും ഭരണ പരാജയമാണെന്നും പറഞ്ഞിരുന്നു.