ദീസ്‌പൂർ: ടൂറിസ്റ്റ് വിസ മാനദണ്ഡങ്ങൾ ലംഘിച്ച് മതപരമായ പരിപാടിയിൽ പ്രസംഗിച്ച ഏഴ് ജർമൻ പൗരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച അസമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലാണ് സംഭവം. ഒക്‌ടോബർ 26 നാണ് ജർമൻ പൗരന്മാർ കാസിരംഗ ദേശീയ ഉദ്യാനത്തിൽ എത്തിയത്.
തുടർന്ന് ടൂറിസ്റ്റ് വിസയിൽ അനുവദനീയമല്ലാത്ത മിഷനറി പ്രവർത്തനങ്ങളിൽ ഇവർ പങ്കെടുത്തതായി അസം പ്രത്യേക ഡിജിപി ജിപി സിംഗ് അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശാനുസരണം ഒരാൾക്ക് 500 യുഎസ് ഡോളർ എന്ന രീതിയിൽ പിഴ ചുമത്തിയിച്ചുണ്ട്. കൂടാതെ ഇവരെ സ്വന്തം രാജ്യത്തേയ്‌ക്ക് തിരിച്ചയക്കാനും പൊലീസ് തീരുമാനിച്ചു.
ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രസംഗിച്ചതിന് 17 ബംഗ്ലാദേശ് പൗരന്മാരേയും മൂന്ന് സ്വീഡൻ സ്വദേശികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഒക്‌ടോബർ മാസത്തിൽ മാത്രം ഇതോടെ 27 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുൻപ് അറസ്‌റ്റ് ചെയ്‌ത എല്ലാവരേയും അവരവരുടെ രാജ്യങ്ങളിലേയ്‌ക്ക് തിരിച്ചയച്ചു.