മുംബൈ: റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ഇന്ത്യന്‍ ഓഹരിവിപണിയും ഇടിയുകയാണ്. ഇന്ന് (4.03.2022) വ്യാപാരം ആരംഭിച്ചപ്പോള്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ ഓഹരിസൂചികകളായ സെന്‍സെക്സ് 851 പോയിന്‍റ് ഇടിഞ്ഞ് 54,250.69ലും നിഫ്റ്റി 185.60 പോയിന്‍റ് ഇടിഞ്ഞ് 16,312.45 പോയിന്‍റിലുമെത്തി. ഏഷ്യന്‍ പെയിന്‍റ്സ്, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഇടിവ് സംഭവിച്ചത്.
ഇന്നലത്തെ വ്യാപരത്തില്‍ സെന്‍സെക്സ് 366.22 പോയിന്‍റുകള്‍ (0.66 ശതമാനം) ഇടിഞ്ഞ് 55,102.68 പോയിന്‍റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഇന്നലെ 107.9 പോയിന്‍റുകള്‍ (0.65) ഇടിഞ്ഞ് 16,498.05 പോയിന്‍റില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ ധനകാര്യ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കുന്ന അവസ്ഥയാണ് ഉള്ളത്. 6,644.65 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഇന്നലെ വിറ്റഴിച്ചത് (4.03.2022).
ഹോങ്കോങ്, ഷാങ്‌ഹായി, ടോക്കിയ ഓഹരി വിപണികളും ഇടിഞ്ഞു. യുഎസിലെ ഓഹരിവിപണികള്‍ ഓവര്‍നൈറ്റ് വ്യാപരത്തില്‍ ( ഓഹരിവിപണിയില്‍ സാധാരണ വ്യാപരം നടക്കുന്ന സമയം കഴിഞ്ഞ് നടക്കുന്ന വ്യാപാരം) നെഗറ്റീവ് സോണിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോള്‍ യുഎസ് ഓഹരിവിപണികളിലെ ചാഞ്ചാട്ടം തുടരുകയാണ്.
റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ എങ്ങനെ അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് നിക്ഷേപകര്‍ മനസിലാക്കി കൊണ്ടിരിക്കുകയാണ്. പ്രമുഖ യുഎസ് ഓഹരിവിപണിസൂചികകളായ ഡൗജോണ്‍സ് 0.3 ശതമാനവും എസ് ആന്‍ഡ് പി 0.5ശതമാനവും ഇടിഞ്ഞു. നാസ്‌ദാഖ് ഓഹരിവിപണി 1.6 ശതമാനവും ഇടിഞ്ഞു. അതേസമയം അന്താരാഷ്ട്ര എണ്ണ നിലവാരമായ ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില 1.53 ശതമാനം വര്‍ധിച്ച് ബാരലിന് 112.16 യുഎസ് ഡോളറിലെത്തി.
റഷ്യ യുക്രൈന്‍ യുദ്ധവും അതേതുടര്‍ന്നുള്ള എണ്ണവില വര്‍ധനവും സാമ്പത്തിക സാഹചര്യവും വിപണിയുടെ പ്രതീക്ഷയും മാറ്റിമറിച്ചിരിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: യുക്രൈൻ ആണവ നിലയത്തിലെ തീയണച്ചു; ആളപായമില്ല