ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കാൻ ശ്രമിക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര വൈദ്യുതി മന്ത്രി ആർ.കെ. സിംഗ്. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്‍റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രാലയം നിലവിലുണ്ടെന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയിക്കണമെന്ന് അദ്ദേഹം മറുപടി നൽകി. പുതുച്ചേരിയിൽ രാഹുൽ ഗാന്ധി ഇതേ കാര്യം പറഞ്ഞിരുന്നു. ഇന്ന് കൊല്ലം തങ്കശ്ശേരിയിൽ മത്സ്യബന്ധന സമൂഹവുമായി നടത്തിയ സംഭാഷണത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ആവർത്തിച്ചത്.
ഫിഷറീസ് മന്ത്രാലയത്തെക്കുറിച്ച് ആരും അദ്ദേഹത്തിന് വിവരങ്ങൾ നൽകിയിട്ടില്ലെന്നും അദ്ദേഹത്തിന് ഇതിനെക്കുറിച്ച് അറിയില്ലെന്നും തോന്നുന്നു. കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇത് സംബന്ധിച്ച് അദ്ദേഹത്തിന് വിവരങ്ങൾ നൽകേണ്ടത് പ്രധാനമാണ്. ഇന്ത്യ സർക്കാരിന് ഇതിനകം ഒരു ഫിഷറീസ് മന്ത്രാലയം ഉണ്ടെന്നും ഗിരാജ് സിംഗ് കാബിനറ്റ് മന്ത്രിയാണെന്നും മന്ത്രാലയം വളരെയധികം വികസന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്നും പാർട്ടി നേതാവ് അദ്ദേഹത്തെ തിരുത്തണം ആർ.കെ. സിംഗ് പറഞ്ഞു.
കേരള വോട്ടർമാർ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തരാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനും വിമർശനം ഉയർന്നു. രാഹുൽ ഗാന്ധി വടക്കും തെക്കും സംസാരിക്കുന്നു. ആളുകളെ വടക്കും തെക്കും വിഭജിക്കരുത്. ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ലഭിക്കില്ലെന്നും ആർ.കെ. സിംഗ് കൂട്ടിച്ചേർത്തു.