ന്യൂഡല്‍ഹി : എംവി ചെം പ്ലൂട്ടോയ്ക്ക് നേരെ ഉണ്ടായത് ഡ്രോണ്‍ ആക്രമണം തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ(Indian Navy deploys 3 warships in Arabian Sea). എന്നാല്‍ എവിടെ നിന്നാണ് ആക്രമണമുണ്ടായതെന്നോ എത്രമാത്രം സ്ഫോടക വസ്തു ഉപയോഗിച്ചു എന്നോ ഉള്ള കാര്യത്തിന് കൂടുതല്‍ ഫോറന്‍സിക് പരിശോധനകളും സാങ്കേതിക പരിശോധനയും ആവശ്യമുണ്ടെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലെത്തിച്ച കപ്പല്‍ പരിശോധിച്ച ശേഷമാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുംബൈ തുറമുഖത്തെത്തിയ കപ്പലിനെ നാവികസേന സ്ഫോടക വസ്തു വിദഗ്‌ധര്‍ പരിശോധിച്ചു. മംഗലാപുരത്തേക്ക് പോകും വഴിയാണ് ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലിനുനേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇറാനില്‍ നിന്നുള്ള ഡ്രോണ്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് പെന്‍റഗണ്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.
അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അറബിക്കടലില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ രണ്ട് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. നിരീക്ഷണത്തിനായി പി 81 വിമാനവാഹിനിക്കപ്പലും ഐഎന്‍എസ് മര്‍മഗോവയുമാണ് പുതുതായി വിന്യസിക്കപ്പെട്ടത്. ഇതിന് പുറമെ ഐഎന്‍എസ് വിക്രം, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ചെങ്കടലിലും ഈഡന്‍ കടലിടുക്കിലും തുടര്‍ക്കഥയായിരിക്കുകയാണ്. ഇപ്പോള്‍ ആക്രമണം അറബിക്കടലിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത് പല ചരക്കുകപ്പല്‍ കമ്പനികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
ആക്രമിക്കപ്പെട്ട കപ്പലില്‍ 21 ഇന്ത്യാക്കാരും ഒരു വിയറ്റ്നാം പൗരനുമുണ്ടായിരുന്നു. അധികൃതര്‍ കപ്പല്‍ വിശദമായി പരിശോധിക്കും. എണ്ണയുമായി സൗദി അറേബ്യയിലെ അല്‍ ജുബൈയില്‍ തീരത്ത് നിന്ന് പുറപ്പെട്ട കപ്പലാണിത്. പോര്‍ബന്തര്‍ തുറമുഖത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
ഗാബ്ബോണ്‍ പതാകയുള്ള മറ്റൊരു വാണിജ്യക്കപ്പലിനുനേരെയും ശനിയാഴ്ച തെക്കന്‍ ചെങ്കടലില്‍ ആക്രമണമുണ്ടായിരുന്നു. ഇതില്‍ 25 ഇന്ത്യന്‍ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Also Read: ഇന്ത്യൻ യാത്രക്കാരുമായി ഫ്രാൻസിൽ തടഞ്ഞുവച്ച വിമാനത്തിന് യാത്രാനുമതി
മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് പിടിച്ചുവച്ച വിമാനം ഇന്ത്യയിലെത്തി : ഇന്ത്യൻ യാത്രക്കാരുമായി ഫ്രാൻസിൽ തടഞ്ഞുവയ്ക്കപ്പെട്ട വിമാനത്തിന് യാത്രാനുമതി. യാത്രക്കാരിൽ ചിലർ ഹിന്ദിയും മറ്റുചിലർ തമിഴുമാണ് സംസാരിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സ് വിമാനത്തിന്‍റെ യാത്ര തടഞ്ഞത്. അമേരിക്കൻ ഐക്യനാടുകളിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കാനുള്ള പദ്ധതിയുടെ ഭാഗമാകാം നിക്കരാഗ്വയിലേക്കുള്ള യാത്ര എന്ന് ആരോപിച്ചാണ് വിമാനം പിടിച്ചിട്ടത്.