ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ ഭീഷണി ഇനിയും അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഉദ്യോഗസ്ഥർ. യുണിസെഫുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിൽ 80 ശതമാനം പുതിയ കേസുകളും 90 ജില്ലകളിൽ നിന്നാണെന്നും ഇതിൽ 14 ജില്ലകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്നതിന് ആവശ്യമായ സഹായങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കേസുകളുടെ വർധനവ് കേന്ദ്ര സർക്കാരിനെ ആശങ്കപ്പെടുത്തുന്നു അഗർവാൾ കൂട്ടിച്ചേർത്തു.
Also read: കലയിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി ഒഡിഷയിലെ കലാകാരൻ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ബുധനാഴ്ച സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. കേസുകളിൽ വർധനവുണ്ടെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഭല്ല ചർച്ചയിൽ സംസ്ഥാന ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തങ്ങളുടെ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികളെക്കുറിച്ച് പ്രതിവാര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.