ന്യൂഡല്‍ഹി: അടുത്ത 24 മണിക്കൂറിനുള്ളിൽ ഡല്‍ഹിയില്‍ 120 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എത്തിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്ന് ആറ് ടാങ്കറുകളിലാണ് ഓക്സിജന്‍ തലസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത്. 124.26 മെട്രിക് ടൺ ഓക്സിജനുമായി ഒഡീഷയിലെ അംഗുലിൽ നിന്ന് യാത്ര തിരിച്ച ഓക്സിജൻ എക്സ്പ്രസ് തെലങ്കാനയിലേക്കാണ്. ഉത്തർപ്രദേശിലേക്ക് എട്ടാമത്തെ ഓക്സിജൻ എക്സ്പ്രസാണ് ഇനി എത്തിച്ചേരുക.
രാജ്യത്താകമാനം 56 ടാങ്കറുകളിലായി ഇന്ത്യൻ റെയിൽവേ 841.85 മെട്രിക് ടൺ ഓക്സിജന്‍ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു.കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വെ കുറച്ചുദിവസങ്ങളായി അശ്രാന്തപരിശ്രമത്തിലാണ്.
അതേസമയം ഡല്‍ഹിയുടെ ഓക്സിജന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയിരുന്ന 490 മെട്രിക് ടണ്ണിന് പകരം 590 മെട്രിക് ടണ്‍ ഓക്സിജന്‍ ഇനി നല്‍കും. ഓക്സിജന്‍ കിട്ടാതെയുളള മരണങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്രതീരുമാനം. ബാത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേരാണ് ഇന്ന് മരിച്ചത്.