ഹൈദരാബാദ് : പത്തൊമ്പത് മാസം പ്രായമുള്ള കുഞ്ഞ് സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. ഹൈദരാബാദിലെ ഹബ്‌സിഗുഡയിലാണ് സംഭവം. (19-month-old killed). അശ്രദ്ധമായി വണ്ടിയോടിച്ച് അപകടം വരുത്തിയതിന് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിലെ സഹായി എം റാണിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ശ്രദ്ധിക്കാതിരുന്നു എന്ന കുറ്റത്തിനാണ് നിര്‍ദ്ദിഷ്ട വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സഹോദരനൊപ്പം എത്തിയ ജ്വലാന മിഥുന്‍ എന്ന കുഞ്ഞിനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛന്‍റെ പരാതിയിലാണ് കേസെടുത്തത്. ഡ്രൈവര്‍ കുട്ടിയെ ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ കുട്ടി ബസിനടിയില്‍പ്പെട്ടു. കുഞ്ഞിന്‍റെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ബൈക്ക് അപകടത്തില്‍ മരണം : ഹൈദരാബാദിലെ മിത്ര ഹില്‍സില്‍ ഈയാഴ്‌ച ആദ്യം ബൈക്കും കാറും കൂട്ടിയിടിച്ച് മുപ്പത്തിമൂന്നുകാരന്‍ മരിച്ചിരുന്നു. നെദൂരി അരുണ്‍കുമാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബൈക്ക് യാത്രികനായ യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. അശ്രദ്ധമായി കാറോടിച്ച ആളാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഈ അപകടമുണ്ടായത്. മിത്ര ഹില്‍സില്‍ നിന്ന് ഹൈദരാനഗറിലേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
5 വയസുകാരന്‍ മരിച്ചു : നേരത്തെ ജമ്മുകശ്മീരില്‍ ട്രക്കിടിച്ച് അഞ്ചുവയസുകാരന്‍ മരിച്ച വാര്‍ത്ത പുറത്ത് വന്നിരുന്നു. അമിത വേഗതയിലെത്തിയ ട്രക്ക് കുഞ്ഞിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്‍വീര്‍ മുഹമ്മദ് എന്ന ട്രക്ക് ഡ്രൈവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ശ്രീനഗര്‍ -ജമ്മു ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ആന്ധ്രയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ ലോറിയില്‍ ഇടിച്ച് അപകടം: അമിത വേഗതയിലെത്തിയ ലോറി സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിലിടിച്ച് എട്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. ഇക്കഴിഞ്ഞ നവംബറില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഫ്ലൈഓവറിന് താഴെ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് ലോറി ഓട്ടോയുടെ മുൻവശത്ത് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തലകീഴായി മറിഞ്ഞു. അപകടം കണ്ടയുടൻ ആളുകൾ ഓടിക്കൂടിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോയില്‍ എത്ര കുട്ടികളുണ്ടായിരുന്നു എന്ന് വ്യക്തമല്ല. അപകടത്തിന് ശേഷം ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.