ചെന്നൈ : എഐഎഡിഎംകെയിലെ അധികാര തർക്കത്തിൽ മുൻ മുഖ്യമന്ത്രി ഒ പനീർ സെൽവത്തെ അട്ടിമറിച്ച് എടപ്പാടി പളനിസ്വാമി. എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത തീരുമാനം സുപ്രീം കോടതി ശരിവച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ പനീർസെൽവം നൽകിയ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
പാർട്ടി ബൈലോയിൽ ഭേദഗതി വരുത്തിയാണ് എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. ജയലളിതയുടെ മരണ ശേഷം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ ഓർഡിനേറ്റർ, ഡെപ്യൂട്ടി കോ ഓർഡിനേറ്റർ എന്നീ പദവികൾ നിലനിർത്തിക്കൊണ്ട് പാർട്ടി ബൈലോയിൽ ഭേദഗതികൾ വരുത്തിയിരുന്നു.
എന്നാൽ പിന്നീട് ഒ പനീർസെൽവം വഹിച്ചിരുന്ന പാർട്ടി കോ ഓർഡിനേറ്റർ സ്ഥാനം ഭേദഗതിയിലൂടെ ഇല്ലാതാക്കുകയും പകരം ജനറൽ സെക്രട്ടറി സ്ഥാനം തിരികെക്കൊണ്ട് വന്ന് പളനിസ്വാമി ഇടക്കാല ജനറൽ സെക്രട്ടറിയായി മാറുകയുമായിരുന്നു. ജൂലൈ 11നായിരുന്നു പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഇതിന് പിന്നാലെ പനീർ സെൽവം പക്ഷം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ജൂലൈ 11ന് തെരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തുടരാൻ അനുവദിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പനീർ സെൽവം പക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും പനീർ സെൽവത്തിന് തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി പളനിസ്വമിക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഇത് അന്തിമ വിജയമല്ലെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പനീർ സെൽവം ക്യാമ്പ് അറിയിച്ചു.