ന്യൂഡല്‍ഹി: ഓക്സിജന്‍ വിതരണം സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതി കേന്ദ്രത്തിനെതിരെ പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള പ്രതിദിന ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിഹിതം 965 മെട്രിക് ടണ്ണിൽ നിന്ന് 1200 മെട്രിക് ടണ്ണായി ഉയർത്തണമെന്ന് കര്‍ണാടക ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മെയ് 5ന് പുറപ്പെടുവിച്ച കോടതിയുടെ ഉത്തരവ് നീതിപൂര്‍വകവും, കൃത്യവുമാണെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഓരോ ഹൈക്കോടതിയും ഓക്സിജൻ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചാൽ അത് രാജ്യത്തിന്‍റെ വിതരണ ശൃംഖലയെ തകര്‍ക്കുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാൻ ബെഞ്ച് വിസമ്മതിച്ചു.
കൂടുതല്‍ വായനയ്ക്ക്: ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിനോട് കര്‍ണാട ഹൈക്കോടതി
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റ്സ് അഭയ് ഒക, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സംസ്ഥാനത്തിന് വിതരണം ചെയ്യുന്ന ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ നിവേദനം ഏപ്രില്‍ 30ന് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അടുത്ത ഒരാഴ്ചക്ക് വേണ്ട ഓക്സിജന്‍റെ എസ്റ്റിമേറ്റ് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.