ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങൾ പുറത്തുവിടാൻ കേന്ദ്രീകൃത പോർട്ടലിന് നിർദേശം നൽകണമെന്ന ഹർജി നിരസിച്ച് സുപ്രീം കോടതി.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി നിരസിച്ചത്. കേന്ദ്രീകൃത പോർട്ടലിന്‍റെ ആവശ്യകത ഉൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തെ സമീപിക്കാൻ സുപ്രീം കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സക്കാവശ്യമായ ആവശ്യവസ്തുക്കൾക്കായുള്ള കേന്ദ്രീകൃത പോർട്ടലിന് മാർഗനിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്എസ് സ്കൂൾ ഓൾഡ് ബോയ്സ് അസോസിയേഷൻ ആണ് ഹർജി സമർപ്പിച്ചത്.
അസോസിയേഷന് വേണ്ടി ഹാജരായ അരുൺപാൽ സിങ് ബെഹൽ ഏകീകൃതവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും കരിഞ്ചന്തയും സാധനങ്ങളുടെ പൂഴ്‌ത്തിവയ്പ്പും തടയുന്നതിനും കേന്ദ്രീകൃത പോർട്ടൽ സ്ഥാപിക്കുന്നതിന് നിർദേശങ്ങളുണ്ടെന്ന് കോടതിയിൽ വാദിച്ചു.
Also Read: ചിത്രയ്ക്കും സ്‌മിതയ്ക്കും തിരിച്ചു കിട്ടിയത് അടച്ചുറപ്പുള്ള വീടും സ്വന്തം മനസും