ന്യൂഡല്‍ഹി : നിയമസഭ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തളളിയ കോടതി നിലവിലെ മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളും വിചാരണ നേരിടണമെന്നും വ്യക്തമാക്കി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.
പ്രതികള്‍ ആറ് പേർ
ശിവൻകുട്ടിക്ക് പുറമെ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, സി.കെ.സദാശിവൻ, കെ.കുഞ്ഞമ്മദ്, കെ.അജിത് എന്നിവരാണ് കേസിലെ പ്രതികള്‍. എംഎല്‍എമാര്‍ക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങള്‍ ചൂണ്ടികാട്ടിയാണ് സർക്കാർ കോടതിയില്‍ വാദം ഉന്നയിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പ്രത്യേക അവകാശം നിയമസഭയിലെ വസ്തുക്കള്‍ നശിപ്പിക്കാനല്ല എന്നായിരുന്നു കോടതിയുടെ മറുപടി.
ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാണ്. സഭയിലെ അക്രമം സഭാനടപടി ആയി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സഭയിലെ പരിരക്ഷ ഉയർത്തിക്കാട്ടിയുള്ള സർക്കാർ ഹർജിക്ക് ക്രിമിനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന് കോടതി മറുപടി നല്‍കി.
കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിക്കണമെന്ന സർക്കാർ അപേക്ഷ ജനത്തോടുള്ള വഞ്ചനയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ അതിര് ലംഘിക്കുന്ന നടപടിയാണ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായത്. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമല്ലെന്നും കോടതി പറഞ്ഞു.
സംഭവം 2015ല്‍
2015ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ബാർ കോഴ കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് നിയമസഭയില്‍ സംഘർഷമുണ്ടായത്. ഇതിനിടെയാണ് പ്രതിപക്ഷത്തായിരുന്നു ഇടത് എംഎൽഎമാർ സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്.