ന്യൂഡൽഹി: എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഉൾപ്പെട്ട ബെഞ്ചിന്‍റേതാണ് നടപടി. എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവ് നൽകുന്ന വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അധ്യാപകരും പൊതു പ്രവർത്തകരുമായ സലീം മടവൂരും എ.എൻ. അനുരാഗും ചേർന്നാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.
1951 ലെ നിയമത്തിന്‍റെ ശരിയായ നിർവചനം കേരള ഹൈക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് അനുരാഗിന് വേണ്ടി ഹാജരായ അഭിഭാഷകരായ വി. ഗിരിയും അമിത് കൃഷ്‌ണയും കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്‌തതിനാൽ എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാം.