ഹൈദരാബാദ്: ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭോപ്പാലിലെ സർവേപള്ളി രാധാകൃഷ്‌ണൻ സർവകലാശാലയുടെ (എസ്ആർകെയു) വൈസ് ചാൻസലറെയും മുൻ വൈസ് ചാൻസലറെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ മൂന്ന് മാസം മുൻപാണ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് തട്ടിപ്പ് കണ്ടെത്തിയത്. ചൊവ്വാഴ്‌ച ഹൈദരാബാദ് സെൻട്രൽ ക്രൈം സ്‌റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം എസ്ആർകെയു വൈസ് ചാൻസലർ ഡോ. എം. പ്രശാന്ത് പിള്ളയെയും മുൻ വൈസ് ചാൻസലർ ഡോ. എസ്.എസ് കുശ്വയെയും ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിൽ എസ്ആർകെയുവിലെ അസിസ്റ്റന്‍റ് പ്രൊഫസർ കേതൻ സിങ്ങിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളിലെ ഒപ്പ് തങ്ങളുടെയാണെന്ന് പ്രശാന്ത് പിള്ളയും കുശ്വയും സമ്മതിച്ചതായി ഹൈദരാബാദ് അഡിഷണൽ കമ്മിഷണർ എ.ആർ ശ്രീനിവാസ് പറഞ്ഞു. രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഡിപ്പാർട്ട്‌മെന്‍റ് മേധാവികൾ എന്നിവരുടെ പേരിലാണ് ഒപ്പുകളിട്ടതെന്നും ഇരുവരും സമ്മതിച്ചു. സ്വകാര്യ സർവകലാശാലയാണ് സര്‍വേപള്ളി രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി.
2017 മുതൽ നൽകിയത് 101 വ്യാജ സർട്ടിഫിക്കറ്റുകൾ: 2017 മുതൽ സർവകലാശാലയിൽ നിന്നും വിദ്യാർഥികൾക്ക് 101 വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നും അതിൽ 44 എണ്ണം വിദ്യാർഥികളിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. ഇതിൽ 13 എണ്ണം എൻജിനീയറിങ് ബിരുദവും 31 എണ്ണം എംബിഎ, ബിഎസ്‌സി തുടങ്ങിയ കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളുമാണ്.
പണം വാങ്ങിയാണ് സർവകലാശാലയിൽ ചേർന്നിട്ടില്ലാത്ത വിദ്യാർഥികൾക്ക് പ്രതികൾ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയത്. ബിരുദം, മാർക്ക് മെമ്മോ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ ഒരു സെറ്റ് സർട്ടിഫിക്കറ്റുകൾ നൽകാൻ രണ്ടു ലക്ഷം മുതൽ നാലര ലക്ഷം വരെയാണ് പ്രതികൾ വിദ്യാർഥികളിൽ നിന്ന് ഈടാക്കിയത്. പകുതി പണം കൺസൾട്ടന്‍റുമാരും ബാക്കി പണം സർവകലാശാല ജീവനക്കാരും എടുക്കും.
പ്രതികളിലൊരാളായ സർവകലാശാലയുമായി ബന്ധമുള്ള ഡോ. സുനിൽ കപൂർ മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ സുനിൽ കപൂറിന് നോട്ടീസ് അയച്ചുവെന്നും അദ്ദേഹം ഹാജരായെന്നും എ.ആർ ശ്രീനിവാസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പൽ എം.കെ ചോപ്രയെ പൊലീസ് പിടികൂടിയെങ്കിലും അനാരോഗ്യം കാരണം ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. അദ്ദേഹം പൊലീസ് നിരീക്ഷണത്തിൽ ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫെബ്രുവരിയിലാണ് ഹൈദരാബാദിലെ വിദ്യാഭ്യാസ കൺസൾട്ടന്‍റുമാരും എസ്ആർകെയു, മധ്യപ്രദേശിലെ സ്വാമി വിവേകാനന്ദ സർവകലാശാല, ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഗ്ലോക്കൽ യൂണിവേഴ്‌സിറ്റി എന്നിവയുടെ സ്റ്റാഫും ഉൾപ്പെട്ട അന്തർ സംസ്ഥാന തട്ടിപ്പ് ബിരുദ സർട്ടിഫിക്കറ്റ് റാക്കറ്റ് ഹൈദരാബാദ് പൊലീസ് കണ്ടെത്തിയത്. തമിഴ്‌നാട് ആസ്ഥാനമായുള്ള മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും നൽകിയ ചില വിദൂര വിദ്യാഭ്യാസ വ്യാജ സർട്ടിഫിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ മലക്പേട്ട്, ആസിഫ് നഗർ, മുഷീറാബാദ്, ചാദർഘട്ട് പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തുടർന്ന് കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാഭ്യാസ കൺസൾട്ടന്‍റുമാരെയും 19 വിദ്യാർഥികളും അറസ്റ്റിലായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ചില വിദ്യാർഥികൾ വിദേശത്തേക്ക് പോയെന്നും വിവിധ എംബസികൾക്ക് കത്തെഴുതി അവരുടെ വിശദാംശങ്ങൾ നേടുമെന്നും അഡീഷണൽ കമ്മിഷണർ എ.ആർ ശ്രീനിവാസ് പറഞ്ഞു.