മുംബൈ : മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടിസ് നൽകുമ്പോഴും ഒളിവിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാരിന് കഴിയുന്നില്ലെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. കള്ളപ്പണം തടയുന്നതിനെപ്പറ്റി മോദി സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും വിജയ് മല്യയെ തിരികെ കൊണ്ടുവരുന്നതില്‍ പൂര്‍ണ പരാജയമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്ത് നടക്കുന്ന മുഴുവന്‍ അഴിമതികളും തുടച്ച് നീക്കുമെന്ന് സർക്കാർ വലിയ വാഗ്‌ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
'പ്രതിപക്ഷത്തെ തകര്‍ക്കാനൊരുങ്ങി ബിജെപി' : കേന്ദ്ര ഏജന്‍സികളെ കൊണ്ട് പ്രതിപക്ഷ നേതാക്കളെയും പാര്‍ട്ടികളെയും ഉപദ്രവിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാറെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ഇഡിയേയും (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്) സിബിഐയേയും (സെന്‍റട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഉപയോഗിച്ച് എന്‍സിപിയെ തകര്‍ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ബിജെപി സര്‍ക്കാര്‍. ഗുണ്ടാസംഘത്തെ പ്രവര്‍ത്തിപ്പിക്കുന്ന ബിജെപിയുടേത് ഒരു സര്‍ക്കാറാണോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
നേരത്തെ കോടതി അലക്ഷ്യക്കേസില്‍ വിജയ് മല്യയെ സുപ്രീംകോടതി നാല് മാസം തടവിന് ശിക്ഷിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് വിജയ് മല്യയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2016 മുതല്‍ വിജയ് മല്യ യുകെയിലാണെന്നാണ് കരുതപ്പെടുന്നത്.
അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള സിബിഐ നോട്ടിസ് : ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സിബിഐ നോട്ടിസ് നല്‍കിയത്. ഏപ്രില്‍ 16ന് മുമ്പായി ഹാജരാകാനാണ് നോട്ടിസില്‍ അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലുണ്ടായ മദ്യനയ പരിഷ്‌കരണത്തിലൂടെ അനധികൃതമായി പണം സ്വരൂപിക്കുകയും ആ പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് സംശയിക്കുന്നതായും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്നുമാണ് സിബിഐയുടെ വാദം.
മനീഷ് സിസോദിയയ്‌ക്ക് പിന്നാലെ കെജ്‌രിവാള്‍ അടക്കം നിരവധി പേരിലേക്ക്: മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. നിലവില്‍ സിസോദിയ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതയേയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തിട്ടുണ്ട്.
നിരവധി നേതാക്കള്‍ക്കെതിരെ അന്വേഷണം: രാജ്യത്ത് നിരവധി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിവിധ തരത്തിലുള്ള അന്വേഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് എതിരെയുള്ള ഭൂമി കേസ്, പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയുള്ള കല്‍ക്കരി അഴിമതി കേസ് എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. കല്‍ക്കരി അഴിമതി കേസില്‍ അന്വേഷണ വിധേയനായ അഭിഷേക് ബാനർജി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനാണ്.