പുലിറ്റ്സര്‍ പുരസ്‌കാരം നേടുന്ന കശ്‌മീരില്‍ നിന്നുള്ള മൂന്നാമത്തെയാളാണ് 28 കാരി സന ഇര്‍ഷാദ് മട്ടു. താലിബാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയടക്കം റോയിട്ടേഴ്‌സ് സംഘത്തിലെ മറ്റ് മൂന്ന് പേര്‍ക്കൊപ്പമാണ് സന പുരസ്‌കാരം പങ്കിട്ടത്. ഇന്ത്യയിലെ കൊവിഡ് ദുരന്തങ്ങള്‍ ചിത്രങ്ങളില്‍ പകര്‍ത്തിയതിന് ഫീച്ചര്‍ ഫോട്ടോ വിഭാഗത്തിലാണ് സംഘത്തിന് അംഗീകാരം ലഭിച്ചത്.
"എനിക്ക് അതിയായ സന്തോഷമുണ്ട്. ദൈവത്തിന് നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ് ദൈവം സഹായിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം. ഡാനിഷ് സാഹിബിനൊപ്പമാണ് ഞാനീ അവാര്‍ഡ് പങ്കിട്ടത്. അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമുണ്ടാവുമായിരുന്നു" -സന ഇടിവി ഭാരതിനോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി റോയിട്ടേഴ്‌സിനോടൊപ്പമാണ് സന പ്രവര്‍ത്തിച്ചുവരുന്നത്.
ഫോട്ടോ ജേര്‍ണലിസ്റ്റും ഡോക്യുമെന്‍റെറി ഫോട്ടോഗ്രാഫറുമായ സനയുടെ റിപ്പോര്‍ട്ടുകള്‍ സൈനിക വിന്യാസത്തിന്‍റേതായ പരിസരം എങ്ങനെ കശ്‌മീരിലെ സാധാരണ ജീവതത്തെ ബാധിക്കുന്നു എന്ന് വരച്ചുകാട്ടുന്നുവെന്ന് പുലിറ്റ്സര്‍ ജൂറി സനയെക്കുറിച്ച് നടത്തിയ വിവരണത്തില്‍ വ്യക്തമാക്കുന്നു.
ശ്രീനഗര്‍ സ്വദേശിനിയായ സന കണ്‍വര്‍ജന്‍റ് ജേര്‍ണലിസത്തില്‍ കശ്‌മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അല്‍ ജസീറ, ടിആര്‍ടി വേള്‍ഡ്, സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ്, കാരവന്‍ എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കശ്‌മീരില്‍ നിന്നുള്ള മുഖ്‌താര്‍ ഖാന്‍, ദര്‍ യാസിന്‍, ജമ്മുവില്‍ നിന്നുള്ള ഛന്നി ആനന്ദ് എന്നിവര്‍ക്ക് 2020ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അസോസിയേറ്റ് പ്രസ് സംഘത്തില്‍ പെട്ട ഇവര്‍ക്ക് ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള അവിടുത്തെ സാഹചര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.