മുംബൈ : മുൻ എൻസിബി മേധാവി സമീർ വാങ്കഡെയെ തുടർച്ചയായ രണ്ടാം ദിവസവും സിബിഐ ചോദ്യം ചെയ്‌തു. കോർഡേലിയ ക്രൂയിസിലെ ലഹരി വേട്ട കേസിൽ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ നടൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ വിചാരണ നേരിടുന്നയാളാണ് സമീർ വാങ്കഡെ. മുംബൈയിലെ ബാന്ദ്ര - കുർള കോംപ്ലക്‌സിലുള്ള സിബിഐ ഓഫിസിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് വാങ്കഡെ എത്തിച്ചേർന്നത്.
ചോദ്യം ചെയ്യലിന് പ്രവേശിക്കും മുൻപ് തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് വാങ്കഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിൽ വൈകുന്നേരം 4.30 ഓടെയാണ് വാങ്കഡെ സിബിഐ ഓഫിസിൽ നിന്നും മടങ്ങിയത്. സിബിഐ ഓഫിസിന് മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സത്യമേവ ജയതേ എന്ന് മാത്രമാണ് വാങ്കഡെ മടങ്ങും വഴി പ്രതികരിച്ചത്.
സമീർ വാങ്കഡെയ്‌ക്കെതിരായ കേസ് : ശനിയാഴ്‌ചയും സമീർ വാങ്കഡെയെ സിബിഐ അഞ്ച് മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. ശനിയാഴ്‌ച വൈകിട്ട് 4.30ഓടെ സിബിഐ ഓഫിസിൽ നിന്ന് ഇറങ്ങിയ ശേഷം വാങ്കഡെ കുടുംബാംഗങ്ങൾക്കൊപ്പം മുംബൈയിലെ പ്രഭാദേവിയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചിരുന്നു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പരാതിയിലാണ് അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലിയുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്‌ക്കും വാങ്കഡെയ്‌ക്കും മറ്റ് നാല് പേർക്കുമെതിരെ കേന്ദ്ര ഏജൻസി മെയ് 11 ന് കേസെടുത്തത്.
also read : ആര്യൻ ഖാനിൽ നിന്ന് 25 കോടി തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നു: വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആർ
അറസ്‌റ്റ് വേണ്ടെന്ന് ബോംബെ ഹൈക്കോടതി : ശേഷം മെയ് 22 ന് വാങ്കഡെയ്‌ക്കെതിരെ അറസ്റ്റ് പോലുള്ള നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് സിബിഐയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോർഡെലിയ ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് 2021 ഒക്‌ടോബർ മൂന്നിനാണ് ആര്യൻ ഖാനെ എൻസിബി അറസ്‌റ്റ് ചെയ്‌തത്. ആര്യനെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്നതിൽ ലഹരി വിരുദ്ധ ഏജൻസി പരാജയപ്പെട്ടതിനാൽ മൂന്നാഴ്‌ചയ്‌ക്ക് ശേഷം ഹൈക്കോടതി ആര്യന് ജാമ്യം അനുവദിക്കുകയായിരുന്നു.
സിബിഐ ആരോപണം : 2021 ലെ ഈ സംഭവത്തിൽ ക്രൂയിസ് കപ്പലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും കൈവശം വച്ചതും സംബന്ധിച്ച് എൻസിബിയുടെ മുംബൈ സോണിന് വിവരം ലഭിച്ചതായും ശേഷം പ്രതികളെ വിട്ടയച്ചതിന് പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങാൻ ഗൂഢാലോചന നടത്തിയതായും സിബിഐ ആരോപിച്ചിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച വാങ്കഡെ ആര്യൻ എൻസിബി കസ്റ്റഡിയിലായിരുന്ന കാലത്ത് ഷാരൂഖ് ഖാനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്‌ഷൻ ഹൈക്കോടതിയിൽ ഹർജിയായി സമർപ്പിച്ചിരുന്നു.
also read : ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസ് അന്യായം; കെജ്‌രിവാളിന് പിന്തുണ അറിയിച്ച് നിതീഷ് കുമാർ, കൂടിക്കാഴ്‌ച