മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. സൽമാനെയും പിതാവിനെയും കൊലപ്പെടുത്തുമെന്ന ഭീക്ഷണി കത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്താൻ മുംബൈ പൊലീസ് സംഘം സൽമാൻ ഖാന്‍റെ വീട്ടിൽ എത്തി.
കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാനെയും, പിതാവ് സലീം ഖാനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള അജ്ഞാതന്‍റെ കത്ത് ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്തെ ബെഞ്ചിൽ നിന്ന് താരത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരാണ് കത്ത് കണ്ടെടുത്തത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് കത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയ് സൽമാനെ കൊലപ്പെടുത്തുമെന്ന് മുൻപും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 1998ൽ ജോധ്‌പൂരിൽ കൃഷ്‌ണ മൃഗത്തെ വേട്ടയാടിയത് മുതലാണ് സൽമാനെതിരെ വധഭീഷണികൾ ഉയർന്നുതുടങ്ങിയത്.
ബിഷ്‌ണോയ് സമൂഹം ആരാധിക്കുന്ന മൃഗമാണ് കൃഷ്‌ണമൃഗം. സംഭവത്തിന് ശേഷം രാജസ്ഥാനിലെ കങ്കണി ഗ്രാമത്തിൽ താമസിക്കുന്ന ബിഷ്‌ണോയ് വിഭാഗം സൽമാനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയർത്തുകയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.