ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ'. ഏപ്രിൽ 21ന് റിലീസ് ചെയ്‌ത ചിത്രം പ്രദര്‍ശന ദിനം തന്നെ ഭേദമായ കലക്ഷന്‍ സ്വന്തമാക്കിയിരുന്നു. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയുടെ ആദ്യദിന കലക്ഷന്‍ 15.81 കോടി രൂപയാണ്.
ഫർഹാദ് സാംജി സംവിധാനം ചെയ്‌ത 'കിസി കാ ഭായ് കിസി കി ജാന്‍', രണ്ടാം ദിനം ബോക്‌സ് ഓഫിസിൽ കുതിച്ചുയർന്നു. ട്രേഡ് അനലിസ്‌റ്റുകളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. രണ്ടാം ദിനത്തില്‍ ചിത്രം 25 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ 'കിസി കാ ഭായ് കിസി കി ജാന്‍' ആകെ 41 കോടി രൂപ നേടി. അതേസമയം 'ഭാരതു'മായി താരതമ്യം ചെയ്യുമ്പോള്‍ 'കിസി കാ ഭായ് കിസി കി ജാന്' ആദ്യ ദിനം ബോക്‌സ് ഓഫിസിൽ ലഭിച്ചത് വളരെ കുറഞ്ഞ കലക്ഷനാണ്.
ശനിയാഴ്‌ച സിനിമയുടെ ഒറിജിനല്‍ പതിപ്പ് (ഹിന്ദി) 27.05% ഒക്കുപ്പെന്‍സിയിലായിരുന്നു തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. സിനിമയുടെ രണ്ടാം ദിവസത്തെ കലക്ഷനെ ഈദ് റിലീസ് നല്ല രീതിയിൽ സ്വാധീനിച്ചു എന്നത് വ്യക്തമാണ്. സല്‍മാന്‍റെ ഇതുവരെയുള്ള മറ്റ് ഈദ് റിലീസുകള്‍ നോക്കിയാല്‍, ആദ്യം ദിനം മികച്ച കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് 'കിസി കാ ഭായ് കിസി കി ജാൻ'.
പ്രദര്‍ശനദിനത്തില്‍ 2010ൽ പുറത്തിറങ്ങിയ ദബാംഗിനേക്കാൾ 'ഭാരത്' കലക്‌ട് ചെയ്‌തിരുന്നു. ആദ്യദിനം ദബാംഗ് 14.10 കോടി രൂപയാണ് നേടിയതെങ്കില്‍ 42.30 കോടി രൂപയാണ് ഭാരത് നേടിയത്. എന്നാല്‍ ദബാംഗ് ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമായും, ഭാരത് മോശം പ്രകടനം കാഴ്‌ചവച്ച സിനിമയായും മാറി. അതുകൊണ്ട് തിങ്കളാഴ്‌ചയ്‌ക്ക് മുമ്പ് സൽമാന്‍റെ സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്.
അടുത്തിടെ ബോളിവുഡില്‍ നിരവധി റീമേക്കുകള്‍ റിലീസ് ചെയ്‌തിരുന്നു. റീമേക്കുകൾ പ്രേക്ഷകർ നിരസിക്കുന്ന ഒരു കാഴ്‌ചയാണ് കാണാനായത്. ഈ സാഹചര്യത്തില്‍ ഒരു മാസ് ഫാമിലി എന്‍റര്‍ടെയിനറായി തിയേറ്ററുകളിലെത്തിയ 'കിസി കാ ഭായ് കിസി കി ജാൻ' ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു.
അജിത്ത് നായകനായെത്തിയ ബോക്‌സ് ഓഫിസ് ഹിറ്റ് തമിഴ് ചിത്രം 'വീര'ത്തിന്‍റെ ഹിന്ദി റീമേക്കാണ് 'കിസി കാ ഭായ് കിസി കി ജാൻ'. കാർത്തിക് ആര്യൻ നായകനായ 'ഷെഹ്‌സാദ', അക്ഷയ് കുമാർ, ഇമ്രാന്‍ ഹാഷ്‌മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ 'സെൽഫി' എന്നീ റീമേക്കുകൾ ബോക്‌സ് ഓഫിസില്‍ പരാജയമായിമാറിയിരുന്നു.
പൂജ ഹെഗ്‌ഡെ, വെങ്കിടേഷ് ദഗ്ഗുബതി, ഭൂമിക ചൗള, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുയാൽ, വിനാലി ഭട്‌നാഗർ, സിദ്ധാർഥ് നിഗം, ജാസി ഗിൽ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു.