ബെംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കാനിരിക്കെ യെലഹങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷന്‍റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഇറച്ചി, മത്സ്യം, മാംസ വിഭവങ്ങള്‍ എന്നിവ നിരോധിച്ചു കൊണ്ട് പൗരസമിതിയുടെ നോട്ടിസ്. യെലഹങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷനു സമീപമുള്ള നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്‍റുകള്‍ക്കും ഇറച്ചി കടകള്‍ക്കും വില്‍പന നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നോട്ടിസ് നൽകി. ജനുവരി 30 മുതല്‍ ഫെബ്രുവരി 20 വരെയാണ് ഇറച്ചി, മത്സ്യം, മാംസ വിഭവങ്ങള്‍ എന്നിവയുടെ വില്‍പന നിര്‍ത്തി വയ്‌ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടിസിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 2020ലെ ബിബിഎംപി നിയമ പ്രകാരവും 1937 ലെ ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾസ് പ്രകാരവും ശിക്ഷ ലഭിക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്. ഇറച്ചിക്കടകളില്‍ നിന്നും മാംസാഹാരം വിളമ്പുന്ന ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്‌ടങ്ങള്‍ പക്ഷികള്‍ കൊത്തി വലിക്കാന്‍ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാല്‍ ദുര്‍ഗന്ധം വമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇറച്ചി, മത്സ്യം, മാംസാഹാരം എന്നിവയുടെ വില്‍പന നിര്‍ത്തി വയ്‌ക്കാന്‍ നിര്‍ദേശിച്ചതെന്ന് ബിബിഎംപി അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയ്‌റോ ഇന്ത്യ 2023 യെലഹങ്കയിലെ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നടക്കുന്നത്. എയ്‌റോ ഇന്ത്യയുടെ 14-ാമത് പതിപ്പാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ പരിപാടിയില്‍ പ്രധാനമായും എയ്‌റോസ്‌പേസ്, പ്രതിരോധ വ്യവസായങ്ങൾ, ഐഎഎഫിന്‍റെ ആകാശ പ്രദർശനം എന്നിവ ഉണ്ടാകും.
എയ്‌റോസ്‌പേസ് വ്യവസായത്തിലെ ആഗോള നേതാക്കളും വൻകിട നിക്ഷേപകരും പരിപാടിയില്‍ പങ്കെടുക്കും. വ്യോമയാന വ്യവസായത്തിലെ വിവരങ്ങൾ, ആശയങ്ങൾ, പുതിയ സംഭവവികാസങ്ങൾ എന്നിവയുടെ കൈമാറ്റത്തിന് എയ്‌റോ ഇന്ത്യ ഒരുക്കുന്ന അവസരമാണ് ഈ പ്രദര്‍ശനം. ആഭ്യന്തര വ്യോമയാന വ്യവസായത്തിന് ഉണർവ് നൽകുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യയെ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.