ടോങ്ക് (രാജസ്ഥാന്‍): നീണ്ട അനുനയ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്‌ചകള്‍ക്കും പിന്നാലെ രാജസ്ഥാനില്‍ അശോക് ഗെലോട്ടിനും സച്ചിന്‍ പൈലറ്റിനുമിടയില്‍ മഞ്ഞുരുകിയെന്നറിയിച്ച് കെ.സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത് കഴിഞ്ഞദിവസമാണ്. ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മുന്നിലുള്ളത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയം മാത്രമാണെന്നും ഇരുവര്‍ക്കുമിടയില്‍ നിന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ സംശയങ്ങള്‍ക്ക് ഇടനല്‍കാതെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഇരുവരെയും കൈകൊടുക്കാന്‍ പ്രേരിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ 'ഇമോഷണല്‍' സമീപനമാണെന്നും വാര്‍ത്തകളെത്തിയിരുന്നു.
ഒന്നും ശരിയായില്ല: എന്നാല്‍ സംഭവത്തിന് ശേഷം രാഹുല്‍ വിമാനം കയറി യുഎസില്‍ എത്തും മുമ്പേ രാജസ്ഥാനില്‍ വീണ്ടും രംഗം വഷളായി. ഇത്തവണ ആദ്യം വെടിപൊട്ടിച്ചത് സച്ചിന്‍ പൈലറ്റ് തന്നെയാണ്. അഴിമതി വിഷയത്തിൽ താൻ ഒരു വിട്ടുവീഴ്ചയും ചെയ്‌തിട്ടില്ലെന്നും തന്നെ തെറ്റിദ്ധരിക്കരുതെന്നറിയിച്ചുമായിരുന്നു പൈലറ്റിന്‍റെ പ്രതികരണം. തങ്ങളെപ്പോലുള്ളവർ യുവാക്കൾക്ക് നല്‍കിയ വാക്ക് പാലിക്കാതെ പോയാല്‍ യുവാക്കളുടെ പ്രതീക്ഷ തകരുമെന്നും അദ്ദേഹം ഗെലോട്ടിനെതിരെ ഒളിയമ്പെയ്‌തു.
ഞങ്ങൾ നല്‍കിയ വാക്ക് ഉപേക്ഷിച്ചുവെന്ന് ആരും കരുതരുത്. ഞങ്ങൾ ഞങ്ങളുടെ വാക്ക് പാലിക്കും. ആർക്കും അനീതി സംഭവിക്കാൻ അനുവദിക്കില്ലെന്നും അത് കാലിലെ മുറിവുകളെ തൊട്ട് സത്യം ചെയ്യുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഞാനും നിങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്നും മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും നിങ്ങളുടെ സഹകരണവും സ്നേഹവും ഞാൻ എപ്പോഴും വിലമതിക്കുന്നുവെന്നും രാജസ്ഥാനിലെ ടോങ്കിൽ വച്ച് നടന്ന തന്‍റെ ജൻ സംഘർഷ് യാത്രയുടെ സമാപന വേളയിൽ ജനാവലിയെ സാക്ഷി നിര്‍ത്തി അദ്ദേഹം അറിയിച്ചു.
ചര്‍ച്ചകള്‍ പാളിയോ?: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഗെലോട്ടുമായും പൈലറ്റുമായും വെവ്വേറെ കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇരുവര്‍ക്കുമിടയില്‍ സമാധാന അന്തരീക്ഷം പ്രകടമായതോടെ ഒരുമിച്ചുകൂട്ടിയുള്ള ചര്‍ച്ചകളും നടന്നു. യുഎസ് സന്ദര്‍ശനത്തിനായി തിരിക്കേണ്ടിയിരുന്ന രാഹുല്‍ ഗാന്ധിയും ഈ ചര്‍ച്ചകളിലെല്ലാം തന്നെ അക്ഷമനായി കാത്തുനിന്നും. ഒടുവില്‍ ഇരുവരുടെയും സ്ഥാനങ്ങളും താത്‌പര്യങ്ങളും പാര്‍ട്ടി സംരക്ഷിക്കുമെന്നും രാഷ്‌ട്രീയ നിലയെ മാനിക്കുമെന്നും ഉറപ്പുനല്‍കിയതോടെയാണ് ഗെലോട്ടും പൈലറ്റും അയഞ്ഞത്. ഇതിനൊപ്പം സംസ്ഥാനത്ത് വിജയിക്കാന്‍ ഇരുവരുടെയും പങ്ക് ചോദ്യം ചെയ്യാനാവാത്തതാണെന്നറിയിച്ച് രാഹുലിന്‍റെ വൈകാരികമായ ഉറപ്പുകൂടി എത്തിയതോടെ രാജസ്ഥാന്‍ തലവേദന ഒഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതിയത്.
പൈലറ്റ് വിമതനാകുന്നത് ഇങ്ങനെ: രാജസ്ഥാനില്‍ മുന്‍ ബിജെപി ഭരണകാലത്തെ അഴിമതിക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ കണ്ണടയ്‌ക്കുന്നുവെന്നറിയിച്ചാണ് സച്ചിന്‍ പൈലറ്റ് അജ്‌മീറിൽ നിന്ന് ജയ്‌പൂരിലേക്ക് സര്‍ക്കാരിനെ മുള്‍മുനയിലാക്കി കാല്‍നട ജാഥ നടത്തിയത്. ബിജെപി ഭരണത്തിലെ അഴിമതിയില്‍ ഉന്നതതല അന്വേഷണത്തിന് പുറമെ, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷനും (ആർപിഎസ്‌സി) അതിന്‍റെ പുനഃസംഘടനയും റദ്ദാക്കുക, പേപ്പർ ചോർച്ചയെത്തുടർന്ന് സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇത് ബാധിച്ചവർക്കുള്ള നഷ്‌ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും പൈലറ്റ് ഉയര്‍ത്തിയിരുന്നു. മാത്രമല്ല ഈ മൂന്ന് ആവശ്യങ്ങള്‍ മെയ് മാസാവസാനത്തിനുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്നറിയിച്ചതോടെയാണ് ഗെലോട്ട്-പൈലറ്റ് വിഷയത്തില്‍ ഉടനടി നടപടിക്ക് കോണ്‍ഗ്രസ് നേരിട്ടിറങ്ങിയത്.