ന്യൂഡൽഹി : ആസന്നമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് ബാങ്കിനെ ആകര്‍ഷിക്കാന്‍ പ്രചാരണത്തിന് ആര്‍എസ്എസ് വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച്. കേന്ദ്രസർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് സ്ത്രീകളെ ബോധവത്‌കരിക്കുന്നതിനായി വീടുകയറിയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ അണിനിരക്കുന്ന, കുറഞ്ഞത് 50 യോഗങ്ങളെങ്കിലും സംഘടിപ്പിക്കാനും മുസ്ലിം രാഷ്ട്രീയ മഞ്ച് നീക്കമാരംഭിച്ചിട്ടുണ്ട്.
മുത്തലാഖ് നിയമം റദ്ദാക്കിയതും വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതും ഉൾപ്പടെയുള്ള നടപടികള്‍ മുന്‍നിര്‍ത്തി പ്രചാരണത്തിനാണ് നീക്കം. കൂടാതെ മുസ്ലിം സ്ത്രീകളുടെയും ന്യൂനപക്ഷ സമുദായത്തിന്‍റെയും ക്ഷേമത്തിനും ശാക്തീകരണത്തിനുമായി അവതരിപ്പിച്ച പദ്ധതികളും പ്രചാരണ വിഷയമാക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
ALSO READ: സുരക്ഷ വീഴ്‌ചയില്ല, നടന്നത് പ്രകടനം മാത്രം; മോദിയെ വീണ്ടും സ്വാഗതം ചെയ്‌ത് ചന്നി
മുസ്ലിങ്ങളുടെ ഉന്നമനത്തിനായി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കുമെന്ന് എംആർഎം ദേശീയ കൺവീനർ ഷാഹിദ് സയീദ് പറഞ്ഞു.
സ്ത്രീകളിലേക്ക് എത്തിച്ചേരുന്നതിന് വീടുവീടാന്തരം പൊതുജന ബോധവത്കരണ ക്യാംപയിനുകളും പൊതുയോഗങ്ങളും നടത്തും. മുഖ്യ രക്ഷാധികാരി ഇന്ദ്രേഷ് കുമാറിന്‍റെ നേതൃത്വത്തിലും മാർഗനിർദേശത്തിലും എംആർഎമ്മിന്‍റെ വനിത വിഭാഗം പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കുമെന്നും ഷാഹിദ് സയീദ് കൂട്ടിച്ചേർത്തു.