ന്യൂഡൽഹി: മെയ് ഒന്ന് മുതൽ സംസ്ഥാനത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള 1.1 കോടി പേർക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. വാക്‌സിൻ വിതരണത്തിന് സർക്കാർ 880 കോടി രൂപ ചിലവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 28 മുതൽ വാക്‌സിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിക്കും. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിൻ സ്വീകരിക്കുന്നവർ പണം അടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചതായും ഖട്ടാർ പറഞ്ഞു. ഇതിന് പുറമെ, പിജിഐ റോഹ്താക്കിൽ 1000 ഓക്‌സിജൻ കിടക്കകളും മറ്റ് മെഡിക്കൽ കോളജുകളിൽ 1250 ഓക്‌സിജൻ കിടക്കളും എത്തിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സൈന്യത്തിൽ നിന്നുള്ള ഡോക്‌ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും സംസ്ഥാനത്ത് നിയമിക്കുന്നുണ്ടെന്നും ഇതുവഴി അടൽ ബിഹാരി ആശുപത്രിയിൽ 200 കിടക്കകൾ സജ്ജമാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവെയ്ക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ രോഗികൾക്ക് കിടക്കകളും ഓക്‌സിജനും കിട്ടാതെ ബുദ്ധിമുട്ടേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ വായനയ്ക്ക്: ഹരിയാനയിൽ 10,000 കടന്ന് കൊവിഡ്
സർക്കാർ വകുപ്പുകളിൽ കൂടുതൽ വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തീരുമാനം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലും കഴിയുന്നത്ര ആളുകൾക്ക് വർക്ക് ഫ്രം ഹോം നൽകണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട്. നിലവിൽ എല്ലാ പരിപാടികൾക്കും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു.
ജില്ലകളിൽ 144 പ്രഖ്യാപിക്കുന്നതിനുള്ള അധികാരം, കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കാനുള്ള അധികാരം എന്നിവയടക്കം ജില്ല ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകിയിട്ടുണ്ടെന്നും ഖട്ടാർ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ പരിശോധിക്കുന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയായ പി.കെ. ദാസിനെ നോഡൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം പരിഗണിച്ച് മെഡിക്കൽ കോളജുകളിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെയും ആശുപത്രികളിൽ നിയമിക്കണമെന്ന് ആഭ്യന്തര, ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. ഇതിനുപുറമെ 417 ഐസിയു കിടക്കകളും ഒക്‌സിമീറ്ററുകളും വാങ്ങാൻ തീരുമാനിക്കുകയും ഇതിനായി കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്തെ പ്ലാസ്‌മ ബാങ്കുകൾ സജീവമാക്കാനും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.