ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധം മൂലം നികുതിദായകര്‍ക്ക് 133 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ജൂലായ് 19ന് പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങിയപ്പോൾ മുതല്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. പെഗാസസ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
Also Read: ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച പൂര്‍ത്തിയായി
വർഷകാല സമ്മേളനം തുടങ്ങിയിട്ട് ലോക്‌സഭ വെറും ഏഴ് മണിക്കൂർ മാത്രമാണ് പ്രവർത്തിച്ചത്. സാധാരണ ഗതിയിൽ 54 മണിക്കൂർ പ്രവർത്തിക്കേണ്ട സ്ഥാനത്താണിത്. 53 മണിക്കൂറോളം പ്രവർത്തിക്കേണ്ട രാജ്യസഭയ്‌ക്ക് ആകെ ലഭിച്ചത് 11 മണിക്കൂറുകളാണ്. ഇരു സഭകളും കൂടി ആകെ പ്രവർത്തിച്ചത് വെറും 18 മണിക്കൂർ മാത്രം.
ഓരോ സമ്മേളനങ്ങളിലും എംപിമാരുടെ യാത്ര ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ക്ക് ചെലവാകുന്നത് വലിയ തുകയാണ്. ഇത് കണ്ടെത്തുന്നതാകട്ടെ ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നും. പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദിവസേന പ്രവര്‍ത്തന സമയം രേഖപ്പെടുത്തലും മറ്റും ആരംഭിച്ചതോടെയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നത്.