മുംബൈ : ജയ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ജയ്‌പൂർ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലുപേരെ വെടിവച്ചുകൊന്നു. ആര്‍പിഎഫ് എഎസ്ഐ, രണ്ട് യാത്രക്കാര്‍, ഒരു പാന്‍ട്രി ജീവനക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിങ്ങാണ് വെടിയുതിര്‍ത്തത്. എഎസ്‌ഐ ടിക്ക റാം ആണ് കൊല്ലപ്പെട്ടത്. ഇന്ന് (ജൂലൈ 31) രാവിലെ പാൽഘർ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന്‍റെ ബി5 കോച്ചിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിയേറ്റ നാലുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ശതാബ്‌ദി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മറ്റ് ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
വെടിയുതിര്‍ത്ത ആര്‍പിഎഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനായി ദഹിസര്‍ സ്റ്റേഷനില്‍ ചാടി ഇറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പൊലീസ്, തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തൊഴില്‍ സംബന്ധമായതും വ്യക്തിപരവുമായ ചില പ്രശ്‌നങ്ങള്‍ എഎസ്ഐയുമായി കോണ്‍സ്റ്റബിളിനുണ്ടായിരുന്നു. ഇതാണ് വെടിവയ്‌പ്പിന് കാരണമായതെന്നാണ് വിവരം.
ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ചേതന്‍ സിങ് വെടിയുതിര്‍ത്തത്.