ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് റോബിൻ ഉത്തപ്പ. 2007ലെ പ്രഥമ ടി20 ലോകകപ്പ് നേടിയ ടീമിലെ അംഗം കൂടിയാണ് കർണാടക സ്വദേശിയായ ഈ പാതി മലയാളി. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്‌ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഉത്തപ്പ സൗരാഷ്‌ട്രയ്‌ക്ക് വേണ്ടിയും കേരളത്തിന് വേണ്ടിയും ബാറ്റ് വീശിയിട്ടുണ്ട്. കേരളം ഏറെ പ്രിയപ്പെട്ട നാടാണെന്ന് പലകുറി ഉത്തപ്പ വ്യക്‌തമാക്കിയിട്ടുമുണ്ട്.
ഇപ്പോൾ സ്വന്തം നാടായ കർണാടകയിൽ കളിച്ചിട്ട് കേരളത്തിനായി കളിച്ചപ്പോൾ അതുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിഞ്ഞു എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്. കർണാടകയെപ്പോലൊരു വലിയ സംസ്ഥാനത്തിന് വേണ്ടി കളിക്കുന്നതും കേരളം പോലൊരു കുഞ്ഞു സംസ്ഥാനത്തിനായി കളിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്നായിരുന്നു ചോദ്യം.
കേരളം സ്വന്തം വീടുപോലെയാണ് എന്നാണ് ഉത്തപ്പ ഇതിന് നൽകിയ മറുപടി. 'ഓരോന്നിനും അതിന്‍റേതായ വെല്ലുവിളികളുണ്ട്. ഒരുപാട് പുതിയ അവസരങ്ങൾ എന്നെ ആവേശഭരിതനാക്കി. സൗരാഷ്‌ട്രയ്‌ക്ക് വേണ്ടിയും കേരളത്തിന് വേണ്ടിയും കളിക്കുന്നത് ഞാൻ ആസ്വദിച്ചു. സംസ്‌കാരത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തിൽ സൗരാഷ്‌ട്ര വെല്ലുവിളി നിറഞ്ഞതായിരുന്നു. കേരളമായിരുന്നു എന്‍റെ ശരിയായ വഴി', ഉത്തപ്പ പറഞ്ഞു.
2015 ഏപ്രിൽ 15ന് ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര കരിയർ ആരംഭിച്ച ഉത്തപ്പ 2022 സെപ്‌റ്റംബർ 14നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2007ലായിരുന്നു താരത്തിന്‍റെ ടി20 അരങ്ങേറ്റം. 2015ൽ സിംബാബ്‌വെക്കെതിരെയായിരുന്നു ഉത്തപ്പയുടെ അവസാന അന്താരാഷ്‌ട്ര മത്സരം. രാജ്യത്തിനായി 46 ഏകദിനങ്ങളിൽ നിന്ന് 934 റണ്‍സും, 13 ടി20കളിൽ നിന്ന് 249 റണ്‍സും ഉത്തപ്പ സ്വന്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ഉത്തപ്പ കൂടുതല്‍ കളിച്ചിട്ടുള്ളത്. 2002-2003 സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ഉത്തപ്പ കേരളത്തിന് വേണ്ടിയും സൗരാഷ്ട്രയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. അവസാനമായി കേരളത്തിന് വേണ്ടിയാണ് താരം ബാറ്റ് വീശിയത്. ആഭ്യന്തര ക്രിക്കറ്റില്‍ 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 203 ലിസ്റ്റ് എ മത്സരങ്ങളിലും താരം ബാറ്റ് വീശി.