വാഷിങ്‌ടണ്‍ : പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ക്യാപിറ്റോള്‍ വണ്‍ അരീനയില്‍ ആയിരങ്ങളെ സാക്ഷിയാക്കി ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് നടപടികളില്‍ ഒന്നാണിത്. 2015ലെ പാരിസ് ഉടമ്പടിയ്‌ക്കെതിരെ 2017ലാണ് ട്രംപ് ഭരണകൂടം നീക്കം നടത്തിയത്. എന്നാല്‍ ട്രംപിന്‍റെ പിന്‍ഗാമിയായി എത്തിയ ജോ ബൈഡന്‍ 2021ല്‍ തന്‍റ ആദ്യദിനത്തില്‍ തന്നെ ട്രംപിന്‍റെ നടപടി റദ്ദാക്കുകയായിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഒരു അന്താരാഷ്‌ട്ര കരാറാണ് പാരിസ് ഉടമ്പടി. ഈ ഉടമ്പടി പ്രകാരം, ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും മാതൃകാപരമായി 1.5 ഡിഗ്രിയില്‍ താഴെയും നിലനിര്‍ത്താന്‍ ഏകദേശം 200 രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി ഓരോ രാജ്യങ്ങളും പദ്ധതി വികസിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഉടമ്പടി നിയമപരമായി ബന്ധിപ്പിക്കുന്ന ഒന്നല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചതായാണ് വിവരം. കൊവിഡ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രതിസന്ധികളെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്‌തുവെന്നാണ് ട്രംപ് ഉത്തരവില്‍ പറയുന്നത്.
കൂടാതെ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ക്രിമിനല്‍ സംഘടങ്ങളെ തീവ്രവാദ സംഘടനകളായും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും ട്രംപ് ഒപ്പുവച്ചിട്ടുണ്ട്.
പുതിയ വിദേശ വികസന സഹായങ്ങള്‍, അവയുടെ വിതരണം എന്നിവ 90 ദിവസത്തേക്ക് നിര്‍വയ്‌ക്കാനും ട്രംപ് ഭരണകൂടം തീരുമാനിച്ചു. ട്രാന്‍സ്‌ജന്‍ഡറുകളെ അംഗീകരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് സ്‌ത്രീ, പുരുഷന്‍ എന്നീ ലിംഗങ്ങളെ മാത്രമേ അംഗീകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ബൈഡന്‍റെ ഉത്തരവുകളെല്ലാം ട്രംപ് റദ്ദാക്കിയിട്ടുണ്ട്.
Also Read: ട്രംപ് 2.0 ; അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി അധികാരമേറ്റു
അഭിപ്രായ സ്വാതന്ത്യത്തിനുമേലുള്ള സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് തടയുന്നതിന് ഉത്തരവിട്ടുകൊണ്ട്, ഫെഡറല്‍ ഗവണ്‍മെന്‍റിനുള്ള നിര്‍ദേശത്തിലും ട്രംപ് ഒപ്പുവച്ചു. മുന്‍ സര്‍ക്കാര്‍ തങ്ങളുടെ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ സ്വീകരിച്ച ആയുധവത്‌കരണം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിലും താന്‍ ഒപ്പുവച്ചു എന്ന് ട്രംപ് പ്രതികരിച്ചു.
നേരത്തെ ക്യാപിറ്റോള്‍ വണ്‍ അരീനയില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍, തന്‍റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്‍ (MAGA)' ആശയം അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്കയും ലോകവും കണ്ട ഏറ്റവും ഫലവത്തായ രാഷ്‌ട്രീയ യത്‌നമാണ് മാഗ എന്ന് ട്രംപ് പറഞ്ഞു. 'നമ്മുടെ രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാഷ്ട്രീയ പ്രവർത്തനവും പ്രസ്ഥാനവുമായിരുന്നു മാഗ. ഇതുവരെ നമ്മൾ അത് പൂർത്തിയാക്കിയിട്ടില്ല. നമുക്ക് ഒരുപാട് ദൂരം പോകാനുണ്ട്,' -ട്രംപ് പറഞ്ഞു. തിങ്കളാഴ്‌ച (ജനുവരി 20) ആണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി അധികാരമേറ്റത്.
Also Read: വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്; ഡോജ് ചുമതല ഇലോൺ മസ്‌കിന് മാത്രം