തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയിൽ കാൽമാറിയ എൽഡിഎഫ് കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടിസിന്മേലുള്ള ചർച്ചയിൽ സ്‌പീക്കർ എ എൻ ഷംസീറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമസഭയിൽ നേർക്കുനേർ.
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയുള്ള പ്രതിപക്ഷ നേതാവിന്‍റെ മറുപടി പ്രസംഗം തടസപ്പെടുത്തി ഭരണപക്ഷം ബഹളം തുടർന്നതോടെയാണ് എഎൻ ഷംസീറും വി ഡി സതീശനും ഏറ്റുമുട്ടിയത്.
സഭയുടെ അച്ചടക്കം തന്‍റെ വാക്ക് ഔട്ട് പ്രസംഗത്തിനിടെ കുത്തഴിയുന്നത് കണ്ടു ക്ഷുഭിതനായ പ്രതിപക്ഷ നേതാവ് ഇതെന്തു തെമ്മാടിത്തമെന്ന് ആക്രോശിച്ചു. ഇതിന് മറുപടിയായി താൻ പറഞ്ഞിട്ട് ആരും കേൾക്കുന്നില്ലെന്ന് പറഞ്ഞു സ്‌പീക്കർ കൈയ്യൊഴിയുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി.
ക്ഷുഭിതമായ സാഹചര്യത്തിൽ തുടർന്ന വാക്ക് ഔട്ട് പ്രസംഗത്തിനുള്ള സമയം അവസാനിച്ചെന്ന് അറിയിച്ച സ്‌പീക്കറുടെ നിലപാട് ഭരണപക്ഷത്തിന് കൂട്ടുനില്‍ക്കുന്നതാണെന്ന് വി ഡി സതീശൻ ആരോപിച്ചു. സഭയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്തിലൂടെ സ്‌പീക്കറുടെ പക്വതയില്ലായ്‌മ വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഭയെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സ്‌പീക്കർ തന്നോട് പ്രസംഗം അവസാനിപ്പിക്കാൻ പറയാൻ മറന്നില്ലെന്നും ചൂണ്ടിക്കാട്ടി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കേണ്ടെന്നും തന്നെ പക്വത പഠിപ്പിക്കണ്ടെന്നും സ്‌പീക്കർ തിരിച്ചടിച്ചു. ഇതിനിടെ സ്‌പീക്കര്‍ ഭരണപക്ഷത്തിന് കൂട്ടു നില്‍ക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി സ്‌പീക്കർക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
സിപിഎം കൗൺസിലർക്കാണ് ഇതു സംഭവിച്ചതെന്നും നാളെ നിങ്ങൾക്ക് ഇതു സംഭവിക്കാതിരിക്കെട്ടെയെന്ന് പ്രാർഥിക്കുന്നതായും പറഞ്ഞ് വി ഡി സതീശൻ പ്രസംഗം തുടർന്നു. മുഖ്യമന്ത്രി ഇതിന് കൂട്ടു നില്‍ക്കുന്നു. വൃത്തിക്കെട്ട പൊലീസുകാരെ സംരക്ഷിക്കുന്നു. അങ്ങ് മുഖ്യമന്ത്രിയുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറക്കരുതെന്ന് പറഞ്ഞ ശേഷമാണ് പ്രതിപക്ഷ നേതാവ് പ്രസംഗം അവസാനിപ്പിച്ചത്.
Read Also: 'കവചം' വരുന്നു, സൈറണ്‍ മുഴങ്ങും; ഇനി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാം