തേനി : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോർഡിനേറ്ററുമായ ഒ പനീര്‍ശെല്‍വത്തിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെരിയകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗീതയുടെ നിർദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒ പനീര്‍ശെല്‍വത്തിന്‍റെ കൈലാസപട്ടിയിലെ ഫാം ഹൗസിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
ഫാം ഹൗസില്‍ എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം വിശ്രമത്തിനുപയോഗിക്കുന്ന മുറിയിലാണ് കവര്‍ച്ച നടന്നത്. പിന്‍ഭാഗത്തെ മതില്‍ കടന്നെത്തിയ പ്രതികള്‍ മുറിയുടെ വാതില്‍ തകര്‍ത്താണ് ഉള്ളില്‍ പ്രവേശിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മുറിയിലുണ്ടായിരുന്ന 54 ഇഞ്ചിന്‍റെ ഒരു ടിവി മാത്രമാണ് നഷ്‌ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പണമോ സ്വര്‍ണമോ ഒന്നും ഫാം ഹൗസില്‍ സൂക്ഷിച്ചിരുന്നില്ല. ഇന്നലെ (ഒക്‌ടോബര്‍ 15) രാവിലെയോടെ സെക്യൂരിറ്റി ജീവനക്കാരനാണ് മുറി കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും വിരലടയാള വിദഗ്‌ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.